Headlines

സത്യജിത് റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നിഴല്‍വ്യാപാരികളും, സ്വാലിഹും

സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പന്‍ ക്രീയേഷന്‍സിന്റെ ‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’ എന്നീ സിനിമകള്‍ സത്യജിത് റായ് ഫൗണ്ടേഷന്റെ 2025ലെ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‘നിഴല്‍ വ്യാപാരികള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. (Satyajit Ray Awards announced)

‘സ്വാലിഹ്’ സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിഖ് പറവൂരാണ്. ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാര്‍ഥ്യങ്ങളില്‍ അകപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിതകഥയാണ് ‘നിഴല്‍ വ്യാപാരികള്‍’ അവതരിപ്പിക്കുന്നത്.അതേസമയം, ഡോക്ടര്‍ ആകണമെന്ന ഒരു 14 വയസുകാരന്റെ സ്വപ്നങ്ങള്‍ക്ക് അന്ധവിശ്വാസിയായ മതപുരോഹിതനായ പിതാവ് തടസമാകുന്ന സംഘര്‍ഷങ്ങളാണ് ‘സ്വാലിഹ്’ എന്ന സിനിമയുടെ പ്രമേയം.

അവാര്‍ഡുകള്‍ നേടിയവര്‍:

മികച്ച സിനിമ – ‘സ്വാലിഹ്’,
മികച്ച ക്യാമറാമാന്‍ – ജലീല്‍ ബാദുഷ
മികച്ച നടന്‍ – വിനോദ് കുണ്ടുകാട്
മികച്ച നടി – ഡോ. അനശ്വര
മികച്ച നവാഗത നായക നടന്‍ – ഷെജിന്‍ ആലപ്പുഴ
മികച്ച സഹനടന്‍ – അഡ്വ. റോയ്
മികച്ച സഹനടി – നസീമ അറക്കല്‍
മികച്ച ബാലനടന്‍ – മാസ്റ്റര്‍ മിഹ്‌റാസ്
മികച്ച ബാലനടി – ബേബി ആത്മിക

‘നിഴല്‍ വ്യാപാരികള്‍’,’സ്വാലിഹ്’എന്നീ രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.