പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്ന് ആന്റ്‌വെർപ്പിലെ കോടതി. 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാം.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 13,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ പ്രധാന പ്രതിയാണ് മെഹുൽ ചോക്‌സി. വായ്പാ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ഇയാളുടെ അനന്തരവൻ നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രതി. 2018-ൽ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് മെഹുൽ ചോക്‌സിയും നീരവ് മോദിയും ഇന്ത്യ വിട്ടത്.
ചോക്‌സിയെ 2025 ഏപ്രിൽ 11-ന് ബെൽജിയൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. ചോക്‌സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ൽ ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം സ്വന്തമാക്കിയ ചോക്‌സി രക്താർബുദ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ എത്തിയത്. ഇന്ത്യൻ, ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വങ്ങൾ മറച്ചുവെച്ചാണ് മെഹുൽ ചോക്‌സി ബൽജിയത്തിൽ താമസ പെർമിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം.
ചോക്‌സിക്ക് ഈ കോടതി തീരുമാനത്തിനെതിരെ ബെൽജിയത്തിലെ ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. അതിനാൽ, ഇയാളെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയില്ലെങ്കിലും, കൈമാറ്റ നടപടികളിലെ നിർണ്ണായകമായ ഒരു ഘട്ടം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.