വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അറസ്റ്റിൽ. യുഎസിൽ വച്ചാണ് അറസ്റ്റിലായത്. നേഹൽ മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. ഇഡിയും സിബിഐയും സംയുക്തമായി നൽകിയ അപേക്ഷയിലാണ് യുഎസ് ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്.
2018ൽ പുറത്തുവന്ന ബാങ്കിംഗ് തട്ടിപ്പിൽ നേഹൽ മോദിക്കെതിരെ കേസെടുത്തിരുന്നു. നീരവ് മോദിയാണ് കേസിലെ പ്രധാന പ്രതി. അഴിമതിയുടെ പശ്ചാത്തലത്തിൽ, പ്രധാന തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്താനും, അന്വേഷണം തടസ്സപ്പെടുത്താനും നീരവിനെ സഹായിച്ചതിൽ നേഹൽ മോദിക്ക് പങ്കുണ്ടെന്ന് ഇന്ത്യൻ അധികൃതർ ആരോപിക്കുന്നു.
സഹോദരന്റെ സഹായത്തോടെ ആയിരക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും നേഹൽ മോദിക്കെതിരെ കുറ്റമുണ്ട്. ഷെൽ കമ്പനികളിലൂടെയും വിദേശത്ത് നടത്തിയ ഇടപാടുകൾ വഴിയും നേഹൽ ഈ പണം വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂലൈ 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നേഹൽ മോദിക്ക് ജാമ്യാപേക്ഷ സമർപ്പിക്കാം. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് യുഎസ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ നീരവ് മോദി ലണ്ടനിലെ ജയിലിൽ കസ്റ്റഡിയിൽ കഴിയുകയാണ്. കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോക്‌സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.