അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് ; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ നിന്ന് ആണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയത്.
നവംബറിൽ നടക്കാനിരിക്കുന്ന പരമ്പര യിൽ നിന്നാണ് പിന്മാറിയത്. അഫ്ഗാൻ – ഇന്ത്യ ബന്ധം പാകിസ്താന് എതിരല്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്താൻ ഒരു പക്ഷത്തിന്റെയും ഉപകരണമല്ല. ഇന്ത്യയുമായുള്ള അഫ്ഗാനിസ്താന്റെ ബന്ധം സ്വതന്ത്രം. അതിന് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ മറ്റ് രാജ്യങ്ങളുമായി അഫ്ഗാനിസ്താൻ നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് സബിഹുള്ള മുജാഹിദ് പറഞ്ഞു.
പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി നാല് തവണ വ്യോമാക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കിടെ പാകിസ്താൻ അഫ്ഗാനിസ്ഥാനിലേക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തക്കി ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ ആക്രമണം ശക്തമായത്.