2021 ആഗസ്ത് 15-ന് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് ശേഷം ഇങ്ങോട്ട് നിരോധനങ്ങളുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധനങ്ങൾ കൊണ്ട് വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ് താലിബാൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ ഇപ്പോൾ ഇന്റർനെറ്റ് നിരോധനം വരെയാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല നിരോധനങ്ങളും. അധികാരത്തിൽ വന്നതിന് ശേഷം വനിതകൾ വീടിന് പുറത്തിറങ്ങി തൊഴിൽ ചെയ്യുന്നതും സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.
ജനാല വിലക്ക്
താലിബാൻ ഏർപ്പെടുത്തിയ വിചിത്ര വിലക്കായിരുന്നു സ്‌ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം. അശ്ലീല പ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി താലിബാൻ്റെ പരമോന്നത നേതാവ് അഫ്ഗാൻ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് നിരോധിക്കുകയായിരുന്നു.
വിദ്യാഭ്യാസ നിരോധന ഉത്തരവുകൾ
താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും പോസ്റ്റ്-പ്രൈമറി വിദ്യാഭ്യാസം നിരോധിക്കുകയും തൊഴിൽ പരിമിതപ്പെടുത്തുകയും പാർക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്തു ഉത്തരവിറക്കിയിരുന്നു. ഏഴാംഗ്രേഡിന്ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കാണ്. പെൺകുട്ടികളുടെ സർവകലാശാലകളും ലൈബ്രറികളും പൂട്ടി. ഇത് കൂടാതെ നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ നിരോധനം ഏർപ്പെടുത്തിയത്.
തൊഴിൽ വിലക്ക്
സ്ത്രീകൾക്ക് ജോലി നൽകുന്ന എല്ലാ ദേശീയ, വിദേശീയ സർക്കാരിതര സ്ഥാപനങ്ങളും (എൻ ജി ഒ ) അടച്ചുപൂട്ടുമെന്ന് താലിബാൻ ഉത്തരവിറക്കിയത് ഈ വർഷമാണ്. ശിരോവസ്ത്രം ശരിയായി ധരിക്കുന്നില്ലെന്ന് ആരോപിച്ച് അഫ്ഗാൻ സ്ത്രീകളെ ജോലിക്കെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ എൻജിഒകളോട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.
പുസ്തകങ്ങൾക്ക് നിരോധനം
അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ ഈ മാസമാണ് മറ്റൊരു ഉത്തരവിറക്കിയത്. സ്ത്രീകളെഴുതിയ 140 പുസ്തകങ്ങളാണ് നീക്കം ചെയ്തത്. ശരീയത്ത് നിയമത്തിന് വിരുദ്ധമായതും താലിബൻ നയങ്ങളുമായി യോജിക്കാത്തതുമായ പുസ്തകങ്ങളാണ് അവയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പതിനെട്ട് വിഷയങ്ങൾ പഠിപ്പിക്കുന്നതിനും താലിബാൻ സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി.
ചെസ് വിലക്ക്
അഫ്‌ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേർപ്പെടുത്തിയത് താലിബാന്റെ മറ്റൊരു ഉത്തരവായിരുന്നു. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്. ഇസ്ലാമിക ശരീഅത്ത് പ്രകാരം, ചെസ്സ് ചൂതാട്ടത്തിന്റെ രൂപമായി കണക്കാക്കപ്പെടുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മയെ തടയുന്നതിനും നിരോധിക്കുന്നുവെന്നാണ് താലബാൻ അധികാരികൾ പറഞ്ഞത്. അഫ്ഗാനിൽ സ്ത്രീകൾക്ക് കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
ശൈശവ വിവാഹങ്ങൾ
അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം വ്യാപകമാണ്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഇത് കുത്തനെ വർധിക്കുന്ന സാഹചര്യമാണ് ഉടലെടുത്തത്. ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവും പ്രസവനിരക്കിൽ 45 ശതമാനം വർധനവും റിപ്പോർട്ടുകളുണ്ടായിരുന്നു. താലിബാൻ ഭരണത്തിൻ കീഴിൽ വിവാഹത്തിന് നിലവിൽ നിയമപരമായ കുറഞ്ഞ പ്രായം ഇല്ല. ഈ വർഷം ജൂലൈയിൽ 45കാരൻ ആറു വയസുകാരിയെ വിവാഹം കഴിച്ചതായി വാർത്തകൾ വന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താലിബാൻ ഭരണകൂടം വിചിത്രമായ ഇടപെടൽ നടത്തിയതും ശ്രദ്ധേയമായി. പെൺകുട്ടിയ്ക്ക് 9 വയസ് പൂർത്തിയാകുന്നതുവരെ ഭർത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ടാണ് താലിബാൻ സർക്കാർ ഇടപെട്ടത്.
ഇന്റർനെറ്റ് നിരോധനം
നാല് വർഷം മുമ്പ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം താലിബാൻ കൊണ്ടുവന്ന നിരവധി നിയന്ത്രണങ്ങളിലെ ഏറ്റവും പുതിയ ഉത്തരവാണ് ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ളത്. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പടുന്നത്. രാജ്യത്ത് ഫൈബർ ഒപ്റ്റിക് സേവനങ്ങൾ പൂർണമായും വിഛേദിക്കപ്പെട്ടു. അധാർമ്മികത തടയുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ ഉത്തരവിറക്കിയത്.