കാബൂൾ: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത ഏറ്റുമുട്ടൽ നടന്നതായി വിവിധ പ്രവിശ്യകളിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന പാക് സൈനികർക്ക് നേരെ സായുധ തിരിച്ചടി ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും രാജ്യത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊന്നുമായി മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് താലിബാൻ ഭരണകൂടത്തിൻ്റെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചെന്നും താലിബാൻ കുറ്റപ്പെടുത്തി.
കാബൂളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക് സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലിലാണ് എന്ന് അഫ്ഗാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അർദ്ധരാത്രിയോടെ വിജയകരമായ ഈ ഓപ്പറേഷനുകൾ അവസാനിച്ചതായി താലിബാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്ത് ഖൊവരാസ്ം പിന്നീട് എഎഫ്പിയോട് പറഞ്ഞു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തേക്ക് അതിക്രമിച്ചുകടന്നാൽ, സായുധ സേന തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ തയ്യാറാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ്റെ ഭീഷണിയും ആരോപണവും
വ്യാഴാഴ്ചത്തെ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 2021 മുതൽ നൂറുകണക്കിന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ അഫ്ഗാൻ താലിബാനുമായി ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നു എന്ന് അവകാശപ്പെടുന്ന ടിടിപി ആണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മലയോര പ്രദേശങ്ങളിൽ പാക് സുരക്ഷാ സേനയ്‌ക്കെതിരെ ടിടിപി തീവ്രവാദികൾ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. പാകിസ്ഥാനെ ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്ന തീവ്രവാദികളെ പുറത്താക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു എന്നും ഇസ്‌ലാമാബാദ് ആരോപിക്കുന്നു. എന്നാൽ താലിബാൻ അധികാരികൾ ഇത് നിഷേധിച്ചു. അഫ്ഗാൻ താലിബാൻ ടിടിപിക്ക് കാര്യമായ ലോജിസ്റ്റിക്കൽ, ഓപ്പറേഷണൽ പിന്തുണ നൽകുന്നുണ്ടെന്ന് ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുഎൻ റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ സൈനികർ കൊല്ലപ്പെട്ടു
പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകിയെന്ന് അഫ്ഗാൻ അറിയിച്ചു. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള കുനാർ, നാംഗർഹാർ, പാക്ടിയ, ഖോസ്റ്റ്, ഹെൽമന്ദ് പ്രവിശ്യകളിലെ താലിബാൻ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകൾ നടന്നതായി സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം താലിബാൻ സേന ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ ലൈറ്റ് ആർട്ടിലറിയും പിന്നീട് ഹെവി ആർട്ടിലറിയും ഉപയോഗിച്ച് വെടിയുതിർത്തുവെന്ന് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. പാക് സേന ശക്തമായി തിരിച്ചടിക്കുകയും സ്ഫോടകവസ്തുക്കൾ വഹിക്കുന്നു എന്ന് സംശയിക്കുന്ന മൂന്ന് അഫ്ഗാൻ ക്വാഡ്കോപ്റ്ററുകൾ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.
അതിനിടെ, ടിടിപി കഴിഞ്ഞ ശനിയാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ നിരവധി ജില്ലകളിലായി നടത്തിയ ആക്രമണങ്ങളിൽ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടിടിപിക്ക് പിന്തുണ നൽകുന്നത് നിർത്താൻ അഫ്ഗാൻ താലിബാനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ വ്യാഴാഴ്ച പാർലമെൻ്റിനെ അറിയിച്ചിരുന്നു.ഞങ്ങൾ ഇത് മേലിൽ വെച്ചുപൊറുപ്പിക്കില്ല, എന്ന് ആസിഫ് പറഞ്ഞിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി ആവശ്യപ്പെട്ടു.