രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിച്ച് വി ജോയ്. കാട്ടിലെ മാന്കൂട്ടങ്ങള് നിരുപദ്രവകാരികളാണ്. പാവപ്പെട്ട മൃഗങ്ങളാണ്. എന്നാല്‍ നാട്ടിലെ ചില മാന്കൂട്ടമുണ്ട്. അപകടകാരികളാണ്, ആപത്കാരികളാണ്. ഇത്തരം മാന്കൂട്ടങ്ങളെ കൊണ്ട് കേരളീയ ജനത പൊറുതി മുട്ടിയ സന്ദര്‍ഭം വന്നിട്ടുണ്ട് – ജോയ് നിയമസഭയില്‍ പറഞ്ഞു.
സ്വന്തം അച്ഛനേക്കാള്‍ പ്രായമുള്ള ആളുകളെയും എടോ എന്ന് അഭിസംബോധന ചെയ്യുന്ന മാന്‍കൂട്ടവും ഈ നാട്ടിലുണ്ട്. ഔദ്യോഗിക കൃത്യനിര്വഹകണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് സമയത്ത് വാഹനം ഒന്ന് തടഞ്ഞു എന്നുള്ളതുകൊണ്ട് സ്വാഭാവികമായി എല്ലാവരും വഴങ്ങിക്കൊടുക്കുന്ന സമയത്ത് ആ ഉദ്യോഗസ്ഥനോട് നിന്റെ സര്‍വീസിന്റെ പാരിതോഷികം ഞാന്‍ തരാം എന്ന് പറഞ്ഞതും ഒരു മാന്‍കൂട്ടമാണ്. അദ്ദേഹം വല്ലാണ്ട് വിഷമിച്ചു പോയി. ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ പണി കിട്ടി സര്. അദ്ദേഹത്തിന്റെ കരച്ചില് നന്നായിട്ട് ഏറ്റു സര് – ജോയ് പറഞ്ഞു.
മാനുകള്‍ വലിയ ചാട്ടമാണ്. ആറ് – ഏഴ് അടി പൊക്കമുള്ള തെങ്ങിന് മുകളില്‍ കൂടിയൊക്കെ മാന്‍കൂട്ടം ചാടാറുണ്ട് സര്. ഇവിടെയും ചാടുകയാണ്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും എറണാകുളത്ത് നിന്ന് തൃശൂരിലേക്കും അവിടെ നിന്നുമൊക്കെ ചാടുകയാണ്. ചില ചാട്ടങ്ങള്‍ കൊണ്ട് ബെംഗളൂരു വരെ എത്തി. ഇങ്ങനെ ചാടുന്നത് ശരിയല്ല എന്ന് കണ്ടാവും മയക്കുവെടി വെക്കാന്‍ തീരുമാനിച്ചു. മയക്കുവെടി വച്ചു മയക്കുവെടി ഏറ്റില്ല. മയക്കുവെടി വച്ചവന്റെ നേര്‍ക്ക് തന്നെ തിരിഞ്ഞു വന്നു – അദ്ദേഹം പറഞ്ഞു.