ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ വിശദീകരിക്കാൻ മന്ത്രി വി എൻ വാസവൻ ഇന്ന് 12 മണിക്ക് പമ്പയിൽ മാധ്യമങ്ങളെ കാണും. പണിപൂർത്തിയാക്കി പ്രധാന വേദിയും മറ്റ് ഉപവേദികളും ഇന്ന് ദേവസ്വം ബോർഡിന് കൈമാറും. 3000 ത്തോളം പ്രതിനിധികളെയാണ് ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അയ്യപ്പ സംഗമം നടത്താമെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്. ഹൈക്കോടതി അറിയിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.