Headlines

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു. രണ്ടാം ദിവസത്തെ പര്യടനം ഗയയിൽ പൊതുസമ്മേളന പരിപാടികളോടെ ആണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിക്കും എതിരായ ആരോപണങ്ങൾ രാഹുൽഗാന്ധി ബിഹാറിലും ആവർത്തിച്ചു. സാസറാമിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്.

അതേസമയം 6 ദിവസത്തെ ഇടവേളക്ക് ശേഷം പാർലമെന്റ് ഇന്ന് സമ്മേളിക്കും. വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട നയ സമീപനം ചർച്ചയാകും. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ചകൾ നടക്കും.

ബിഹാറിലെ 65 ലക്ഷം വോട്ടുകൾ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനാണെന്ന് രാഹുൽ ​ഗാന്ധി ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിൽ വോട്ട് കൊള്ള നടന്നു. പുതിയതായി ചേർത്ത വോട്ടുകൾ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് വോട്ട കൊള്ള നടത്തിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.