കൊല്ലത്തെ മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും. എബിവിപി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സർവകലാശാലകളിലെ ഭരണസ്തംഭനം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എബിവിപിയുടെ മാർച്ച്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാളെയാകും സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു.
അതേസമയം കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് റിപ്പോർട്ട് സമർപ്പിക്കുക. ഇന്നലെ പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.