Headlines

അനവസരത്തിൽ മന്ത്രിയുടെ സൂംബ ഡാൻസ്; ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു തിരിച്ചു വരുന്ന അവസ്ഥ. ഒരുപക്ഷെ നമുക്ക് അധ്യാപകരെ കുറ്റം പറയാൻ പറ്റില്ല. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്, മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.