സംസ്ഥാനത്ത് ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് നേരെ ഉണ്ടായ SFI-DYFI ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പ് വെക്കും വരെ സമരം തുടരുമെന്നും എബിവിപി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, ഭാരതാംബ വിവാദത്തിൽ തെരുവിലെ പോര് മുറുകുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന നിലപാടിൽ തന്നെ നിൽക്കുകയാണ് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം. പൊലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു. ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും വ്യക്തമാക്കിയതോടെ സർക്കാർ – ഗവർണർ പോരും മുറുകും. രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ എബിവിപിയും യുവമോർച്ചയും തെരുവ് യുദ്ധം നടത്തുന്നതെന്നു മന്ത്രി വി.ശിവൻകുട്ടി ആവർത്തിക്കുന്നു.