ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ തടസ്സപ്പെടുത്തില്ലെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട്

ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടതുപാർട്ടികൾ, എസ് പി, ആംആദ്മി തുടങ്ങിയ പാർട്ടികളാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ ഇന്നലെ സിംഘുവിലെ സമരവേദിയിൽ നേരിട്ടെത്തിയിരുന്നു

കർഷക സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും ഇന്ന് ഡൽഹിയിലേക്ക് എത്തും. കർഷകർ ഡൽഹിയുടെ അതിർത്തികൾ വളയുമെന്നാണ് മുന്നറിയിപ്പ്

അതേസമയം കർശന സുരക്ഷയൊരുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന നില പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കാൻ പാടില്ലെന്നും കേന്ദ്രം നൽകിയ നിർദേശങ്ങളിൽ പറയുന്നു.