ഭാരത് ബന്ദിനെ ചെറുക്കാൻ നോയിഡയിൽ 144 പ്രഖ്യാപിച്ചു; കർഷകർക്ക് പിന്തുണയുമായി കെജ്രിവാൾ സിംഘുവിലേക്ക്

ഭാരത് ബന്ദിന് മുന്നോടിയായി യുപി-ഡൽഹി അതിർത്തിയായ നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെങ്കിലും കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. ജനുവരി 2 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിലെത്തും. മന്ത്രിമാരും കെജ്രിവാളിനൊപ്പമുണ്ടാകും. കർഷകർക്കായി ഡൽഹി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും

സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ 11 ദിവസമായി സമരം തുടരുന്നത്. ഗാസിപൂർ അതിർത്തിയിലും സമരക്കാർ തമ്പടിക്കുകയാണ്. യുപിയിൽ നിന്നുള്ള കർഷകരാണ് ഗാസിപൂരിലെത്തിയിരിക്കുന്നത്. നാളെയാണ് കർഷക സംഘടനകളുടെ ഭാരത് ബന്ദ്. ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർഎസ്എസ് അനുകൂല കാർഷിക സംഘടനയായ ഭാരതീയ കിസാൻ സംഘ് അറിയിച്ചിട്ടുണ്ട്. മറ്റ് കാർഷിക സംഘടനകളെല്ലാം തന്നെ കർഷകർക്കൊപ്പമാണ്.