Headlines

എന്‍എസ്എസ് – എസ്എന്‍ഡിപി ഇണക്കവും പിണക്കവും; സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും ചരിത്രം

കേരളത്തിലെ പ്രബലമായ രണ്ട് സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ബന്ധത്തിന് സഹകരണത്തിന്റെയും തര്‍ക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംഘടനകള്‍, പലപ്പോഴും രാഷ്ട്രീയമായ വിയോജിപ്പുകളാല്‍ അകന്നു നിന്നിട്ടുണ്ടെങ്കിലും, ‘ഹിന്ദു ഐക്യം’ എന്ന ആശയത്തിനായി കൈകോര്‍ത്ത സന്ദര്‍ഭങ്ങളുമുണ്ട്.1903-ലാണ് ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ എസ്എന്‍ഡിപി രൂപീകൃതമാകുന്നത്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. 1914-ലാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘം രൂപീകരിക്കുന്നത്. സമുദായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി രണ്ട് സംഘടനകളും ഒരേ ദിശയില്‍ പ്രവര്‍ത്തിച്ചു.1924ലെ വൈക്കം സത്യാഗ്രഹത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ഒരുമിച്ച് പോരാടിയിരുന്നു. സവര്‍ണ്ണ ജാഥയ്ക്ക് നേതൃത്വം നല്‍കി മന്നത്ത് പത്മനാഭന്‍ അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തിനായി വാദിച്ചത് ഇരുസമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന് വഴിതെളിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും ഇരു വിഭാഗങ്ങളും സഹകരിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ വിമോചന സമരത്തില്‍ എന്‍എസ്എസും ക്രൈസ്തവ സഭകളും മുന്നില്‍ നിന്നു. എസ്എന്‍ഡിപിയിലെ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് അനുകൂലികളായിരുന്നുവെങ്കിലും, സമുദായ നേതൃത്വം പലപ്പോഴും മാറിനിന്നു. ആര്‍. ശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുള്ള കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. 1962ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായത് ഈ ഐക്യത്തിന്റെ കൂടി ഫലമായിട്ടായിരുന്നു.

എന്നാല്‍, സംവരണം, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്നാക്ക-പിന്നാക്ക താല്‍പര്യങ്ങള്‍ വ്യത്യസ്തമായതോടെ ഇരു സംഘടനകളും രാഷ്ട്രീയമായി അകന്നു. സാമ്പത്തിക സംവരണം എന്ന ആവശ്യവുമായി എന്‍എസ്എസ് മുന്നോട്ട് വന്നപ്പോള്‍, ജാതി സംവരണം സംരക്ഷിക്കാനായി എസ്എന്‍ഡിപി നിലകൊണ്ടു. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. 2000-ത്തിന് ശേഷം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നു. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പലപ്പോഴും പ്രസ്താവനകളിലൂടെ പരസ്പരം ഏറ്റുമുട്ടുകയും എന്നാല്‍ ചിലപ്പോള്‍ ഐക്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇണങ്ങിയും പിണങ്ങിയും നീളുന്ന എന്‍എസ്എസ് – എസ്എന്‍ഡിപി സൗഹൃദം എന്ത് ചലനങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.