മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം; ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് കെആര്‍എല്‍സിസി

കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർ‍ക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാരിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്നു കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു.

ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറയുന്നില്ല. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സാമുദായിക സംവരണം ലഭിച്ചുവരുന്നത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവരിൽ മുന്നാക്ക ക്രൈസ്തവരും ദളിത്-ആദിവാസി ക്രൈസ്തവർ ഉൾപ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരും ഉണ്ട്. ഇവരിൽ മുന്നാക്ക ക്രൈസ്തവർക്കു സാമുദായിക സംവരണം ഇല്ല. അവർക്ക് ലഭിക്കുന്നത് EWS സംവരണമാണ്. ആദിവാസി ക്രൈസ്തവർക്ക് ST സംവരണം ലഭിക്കുന്നു. ഇതര പിന്നാക്ക ക്രൈസ്തവർക്ക് OBC സംവരണം ലഭിക്കുന്നു. ഇതിൽ ദളിത് ക്രൈസ്തവർക്ക് SC പദവി ലഭിക്കുന്നതിനുള്ള കേസിന്റെ വിചാരണ സുപ്രീം കോടതിയിൽ തുടരുകയാണ്.

കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാരിലെയും ഈ രീതിയിലാണ് ക്രൈസ്തവർ‍ക്കും മുസ്ലീങ്ങൾക്കും മാത്രമല്ല, എല്ലാ മതസ്ഥർക്കും സാമുദായിക സംവരണം ലഭിച്ചുവരുന്നത്. ഇത്തരം അടിസ്ഥാന കാര്യങ്ങൾ അറിയാത്ത ഒരാളാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനെന്നു കരുതാനാവില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ മറ്റേതെങ്കിലും ഗൂഢതാൽപര്യങ്ങൾ ഉണ്ടോയെന്നു സംശയിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തന്നെ കേരളത്തിൽ പിന്നാക്ക വിഭാഗ സംവരണം നിലവിലുണ്ട്. അത് സമരങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങൾ നേടിയെടുത്തതാണ്. ഭരണഘടനാ മൂല്യങ്ങൾക്കായി ഭരണഘടനാ സ്ഥാനങ്ങളിൽ ഉള്ളവർ പ്രതിബദ്ധതയോടെ നിലനിൽക്കുന്നതാണ് ഉചിതമെന്ന് ജോസഫ് ജൂഡ് അഭിപ്രായപ്പെട്ടു.