ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

 

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍നിന്നും വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ക്രിസ്ത്യന്‍ നാടാര്‍ സംവരണം ചോദ്യം ചെയ്തുള്ള ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അറിയിച്ചു
സംവരണം സംബന്ധിച്ചുള്ള പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോയെന്ന് പരിശോധിക്കണമെന്നും സിംഗിള്‍ ബഞ്ചിന് നിര്‍ദേശം നല്‍കി. നാടാര്‍ സംവരണം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി. സിംഗിള്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബഞ്ച്, സിംഗിള്‍ ബഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച രേഖകള്‍ സിംഗിള്‍ ബഞ്ചിന് മുന്നില്‍ ഹാജരാക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചാല്‍ വേഗത്തില്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്.