തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ തന്നെ മാതൃകയായിരുന്നു കേരളം. കേരളത്തെ വാഴ്ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മികച്ച വിജയം നേടിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു.
എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ച് രണ്ടാം പിണറായി സർക്കാരിന്റെ ഭരണം ആരംഭിച്ചപ്പോൾ ആരോഗ്യമന്ത്രിയെ മാറ്റിയിരുന്നു. ശൈലജയ്ക്ക് പകരം വീണ ജോർജ് പുതിയ ആരോഗ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഇതിനു ശേഷം കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെ സ്ഥിതികൾ തകിടം മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തി. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ ഉള്ളത് കേരളത്തിലാണ്. ഇതോടെ, ആരോഗ്യമന്ത്രിയെ പരിഹസിച്ചും മുൻ ആരോഗ്യമന്ത്രിയെ തിരികെ വേണമെന്നുമുള്ള ആവശ്യമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ‘ടീച്ചറമ്മ ഉണ്ടായിരുന്നെങ്കിൽ’ എന്ന് തുടങ്ങുന്ന ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ ഇക്കാര്യത്തിലും കേരളം നമ്പർ വൺ തന്നെ. മിക്കദിവസവും പ്രതിദിന മരണം നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ഉള്ളത് കേരളത്തിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം.