ബംഗളൂരുവിലെ പിഎസി ഗവേർണൻസ് ഇൻഡക്‌സ് പ്രകാരം കേരളം ഭരണമികവിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് യുഡിഎഫ് സർക്കാരിന്റെ നേട്ടത്തിന്റെ തുടർച്ച മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2016 മുതൽ 2019 വരെയുള്ള നാല് റിപ്പോർട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള 2015 ലെ ഡാറ്റ ഉപയോഗിച്ചാണ് 2016ലെ ഇൻഡക്‌സ് പ്രസിദ്ധീകരിച്ചത്. യുഡിഎഫ് സർക്കാരിന്റെ നേട്ടം എൽഡിഎഫ് സർക്കാർ നിലനിർത്തിയെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
കുറിപ്പിന്റെ പൂർണരൂപം
ബംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ ഗവേര്‍ണന്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ച മാത്രമാണ്. ഗവേര്‍ണന്‍സ് ഇന്‍ഡക്‌സിനു തുടക്കമിട്ട 2016 മുതല്‍ 2019 വരെയുള്ള നാലു റിപ്പോര്‍ട്ടുകളിലും കേരളത്തിനാണ് ഈ അംഗീകാരം കിട്ടിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള 2015ലെ ഡേറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനിര്‍ത്തി.
സാമ്പത്തിക സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം, ഭരണസുതാര്യത തുടങ്ങിയ 10 വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത്. മലയാളിയായ ഡോ സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിത്.