കൊവിഡ്: പ്രതിദിന കേസ് വര്‍ധനവില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര പഠനം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിദിന കേസ് വര്‍ധനവില്‍ കേരളം ഒന്നാമതാണെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പഠനം. അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ചു വ്യക്തമാക്കുന്നത്. കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആവുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനത്തില്‍ പറയുന്നു. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമായ സ്ഥിതിയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

    ആഗസ്ത് 13 മുതല്‍ 19 വരെ നടത്തിയ പഠനത്തില്‍ 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനവ് നിരക്ക്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലാണ് കേരളത്തിന്റെ സ്ഥാനം-17.80 ശതമാനം. ഇതിനു പുറമെ, കേരളത്തില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണെന്നും പരിശോധനാ നിരക്കില്‍ ഏറ്റവും പിന്നിലാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാ നിരക്കെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിലുള്ളത്. പരിശോധനാ നിരക്കില്‍ കേരളമാണ് ഏറ്റവും പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്താനും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.