അഫ്ഗാനിലെ കാബൂളിൽ നിന്ന് പറന്നുയർന്ന യു എസ് വ്യോമസേന വിമാനത്തിലെ ആളുകളുടെ എണ്ണം കേട്ട് ശ്വാസം നിന്നുപോകുന്ന അവസ്ഥയായി ഖത്തർ വ്യോമസേന താവളത്തിലെ എയർ ട്രാഫിക് കൺട്രോളറുടേത്. പരാമവധി 174 പേരെ വഹിക്കാനാകുന്ന വിമാനത്തിൽ 800 പേരുണ്ടെന്ന് പറഞ്ഞതോടെ എ ടി സി ഞെട്ടിത്തരിച്ചു പോയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് ആളുകൾ ഏതുവിധേനയും പലായനം ചെയ്യാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് വിമാനങ്ങളുടെ ചിറകുകളിലും ടയറുകളിലുമൊക്കെ അള്ളിപ്പിടിച്ച് രക്ഷപ്പെടാനുള്ള ആളുകളുടെ ശ്രമം ചെന്നുകലാശിച്ച് വലിയ ദുരന്തത്തിലേക്കായിരുന്നു. പറന്നുയർന്ന വിമാനത്തിൽ നിന്ന് പിടിവിട്ട് താഴേക്ക് പതിച്ച് മരിച്ചത് ഏഴ് പേരാണ്
ഇതോടെയാണ് ആളുകളെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന് പകരം പരമാവധി ആളുകളെ കൊണ്ടുപോകാനുള്ള തീരുമാനം യുഎസ് വ്യോമസേനാ അധികൃതർ സ്വീകരിച്ചത്. കഴിയുന്നത്ര ആളുകളെ കാബൂളിൽ നിന്ന് രക്ഷപ്പെടുത്താൻ അമേരിക്കൻ സേന തീരുമാനിച്ചതോടെ 174 പേർക്ക് കയറേണ്ട വിമാനത്തിൽ തടിച്ചുകൂടിയത് എണ്ണൂറോളം പേർ
ബോയിംഗ് സി 17 വിമാനത്തിലെ പൈലറ്റും ഖത്തർ അൽ ഉദൈദ് വ്യോമത്താവളത്തിലെ എടിസിയും തമ്മിൽ നടന്ന സംഭാഷണമാണ് മുകളിൽ പറഞ്ഞത്. നിങ്ങളുടെ വിമാനത്തിൽ 800 പേരുണ്ടെന്നോ, എന്റെ ദൈവമേ എന്നായിരുന്നു എയർ ട്രാഫിക് കൺട്രോളറുടെ ആദ്യ പ്രതികരണം.