റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍ പറഞ്ഞു.
ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ നിര്‍ദേശിക്കുന്ന ട്രംപിന്റെ വിവാദ ബില്ലിനെക്കുറിച്ച് ഇന്ത്യയിലും ആശങ്കകള്‍ ഉണ്ടായിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് നാറ്റോയും ഉപരോധങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 50 ദിവസത്തിനുള്ളില്‍ റഷ്യ-ഉക്രെയ്ന്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഭീഷണികള്‍ക്കിടയിലും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്താന്‍ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിസന്ധിയിലായാല്‍ രാജ്യത്ത് ഇന്ധനവില കുതിച്ചുയരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തി പുടിനെ വരുതിയിലാക്കാനുള്ള നാറ്റോയുടേയും അമേരിക്കയുടേയും സമ്മര്‍ദതന്ത്രം ഫലിക്കുമോ എന്ന കാത്തിരിപ്പിലാണ് സാമ്പത്തിക വിദഗ്ധരും അന്താരാഷ്ട്ര മാധ്യമങ്ങളും.