Headlines

‘എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പൂരം കലക്കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് സംശയം’; മന്ത്രി കെ.രാജന്റെ മൊഴി

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നീക്കമെന്ന മുന്നറിയിപ്പ് എഡിജിപി എം ആർ അജിത് കുമാർ അവഗണിച്ചെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി റവന്യൂമന്ത്രി കെ രാജൻ. പലതവണ ഫോൺ വിളിച്ചിട്ടും എം ആർ അജിത്കുമാർ എടുത്തില്ലെന്നും മൊഴിയുണ്ട്.

പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡി ഐ ജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

കഴിഞ്ഞദിവസം തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയത്തില്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുന്‍ ഡിജിപി എസ്.ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പൂരം കലങ്ങിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അജിത്കുമാറിന്റെ മറുപടി.