Headlines

‘ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ല; വൈകാതെ ചര്‍ച്ചയ്ക്ക് തയാറാകണം’; ഡോണള്‍ഡ് ട്രംപ്

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതികരണം. വളരെ വൈകുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപിന്റെ പ്രതികരണം.

അവര്‍ ഒരു കരാര്‍ ഉണ്ടാക്കണം. ഇരുകൂട്ടര്‍ക്കും വേദനാജനകമാണ് ഈ സംഘര്‍ഷം. ഇറാന്‍ ഈ സംഘര്‍ഷത്തില്‍ വിജയിക്കില്ല. അവര്‍ എത്രയും പെട്ടന്ന് ചര്‍ച്ച നടത്തണം – ട്രംപ് പറഞ്ഞു. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ ട്രംപ് തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെയാണ് നഗരത്തില്‍ പലയിടത്തും വന്‍ സ്‌ഫോടനങ്ങള്‍ നടന്നത്. പടിഞ്ഞാറന്‍ ടെഹ്‌റാനിലെ സൈനിക താവളം ഇസ്രയേല്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആകാശ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനം ആക്രമിച്ചു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍.