Headlines

മീനുകളുമായി ബോട്ടുകൾ തിരിച്ചെത്തുന്നു; ഹാർബറുകൾ ഉണർന്നു: കൂന്തൾ 350, കിളിമീൻ 150

 

കോഴിക്കോട് ∙ മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിൽ മത്സബന്ധനത്തിനായി പോയ ബോട്ടുകൾ തിരിച്ചെത്തിയതോടെ ഹാർബറുകൾ ഉണർന്നു തുടങ്ങി. പുതിയാപ്പയിൽ നിന്നും ബേപ്പൂരിൽ നിന്നും പുറപ്പെട്ട ബോട്ടുകൾ ഹാർബറിലെത്തി തുടങ്ങിയതോടെ വിവിധ ജില്ലകളിലേക്കുള്ള മത്സ്യ വിതരണം പുനരാരംഭിച്ചു.

 

പുതിയ മീനുകളായതിനാൽ ആദ്യ ദിവസങ്ങളിൽ മീനുകൾക്ക് നല്ല വില കിട്ടിയത് തൊഴിലാളികൾക്ക് ആശ്വാസമായി. കൂടുതൽ ബോട്ടുകൾ എത്തിയതോടെ വില കുറഞ്ഞെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. നിലവി‍ൽ കൂന്തളിന് 350, ആമക്കൂന്തളിന് 470, നീരാളിക്ക് 350– 360, കിളിമീൻ 150– 200 എന്നിങ്ങനെയാണ് വില. എന്നാൽ, പ്രക്ഷുബ്ധമായ കടലിലിറങ്ങി മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്നത് വളരെ കുറഞ്ഞ വരുമാനമാണെന്നും അവർ പറയുന്നു.മത്സ്യബന്ധനത്തിനു പോകുന്നവർ, ഐസ് വിതരണക്കാർ, ജല വിതരണക്കാർ, മത്സ്യം കയറ്റിറക്കം ചെയ്യനുന്നവർ, തരംതിരിക്കുന്നവർ, ശുചീകരണം നടത്തുന്നവർ ഇന്ധന പമ്പുകൾ, ഭക്ഷണ ശാലകൾ, സ്പെയർ പാർട്സ് കടകൾ, വലക്കട, തുടങ്ങിയവ നടത്തുന്നവരുടെയും ഉപജീവന മാർഗം ട്രോളിങ് നിരോധന സമയത്ത് മുടങ്ങിയിരുന്നു. സംസ്ഥാന സർക്കാർ അനുവദിക്കേണ്ട റേഷൻ വിതരണത്തിലും അപാകതയുണ്ടായതായി പരാതികൾ ഉയർന്നിരുന്നു.