രഞ്ജിതയെ അപമാനിച്ച സംഭവം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്‌പെന്റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തിരുന്നത്. അതിന്‌ശേഷമാണ് ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുന്നതിനുള്ള സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്‍കും. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.

ഡെപ്യൂട്ടി തഹസില്‍ദാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനടക്കം ശിപാര്‍ശയുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരന്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്നാണ് റിപ്പോര്‍ട്ട്.

കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് നടപടി ഏറ്റുവാങ്ങിയ ആളാണ് പവിത്രന്‍. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ കയറിയത്. പിന്നാലെയാണ് രഞ്ജിതക്കെതിരെ അശ്ലീല ചുവയോടെയുള്ള കമന്റ് പങ്കുവച്ചത്.