സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തില്‍ റവന്യൂ ശൃംഖലകളെ കോര്‍ത്തിണക്കി യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുമായുള്ള ആശയ വിനിമയങ്ങള്‍ റവന്യൂ ആസ്ഥാനത്ത് ക്രോഡീകരിക്കും. അഞ്ചു വര്‍ഷക്കാലയളവില്‍ ശേഷിക്കുന്ന വില്ലേജുകളിലും സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഭൂ രേഖ റീ സര്‍വെകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. 807 കോടി രൂപയുടെ ഭരണാനുമതി ഇതിനായി നേടിയിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ അവാകശികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ അവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ആധാര്‍ കേന്ദ്രീകൃത തണ്ടപ്പേര് ഇന്ത്യയില്‍ ആദ്യമായി കേരളം നടപ്പാക്കുന്നതോടെ അനര്‍ഹമായ ഭൂസ്വത്ത് കൈവശം വെക്കുന്നവരെ കണ്ടെത്താനും സാധിക്കും. ഭൂ പരിഷ്‌കരണ നിയമത്തിലെ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
ടി.സിദ്ദിഖ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നസീമ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബി.നാസര്‍, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ജി.പ്രിയങ്ക, എ,ഡി.എം. എന്‍.ഐ.ഷാജു, വൈത്തിരി തഹസില്‍ദാര്‍ ടി.പി.അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ.സാജിത്തിന് ചടങ്ങില്‍ ഉപഹാരസമര്‍പ്പണം നടത്തി.