വയനാട് ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്കം: താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം; മെയ് വരെ കുഴല്‍ കിണര്‍ നിര്‍മ്മാണം അനുവദിക്കില്ല

വേനലില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ തോടുകളിലും അരുവികളിലും മറ്റ് ജലാശയങ്ങളിലും പരമാവധി താത്ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും സഹായത്തോടെയും ഇവയുടെ നിര്‍വ്വഹണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ചെക്ഡാമുകളിലും താത്ക്കാലിക തടയണകളിലും പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിക്കും. ടാങ്കറുകളില്‍ വെള്ളം വീടുകളിലെത്തിക്കുകയും കിയോസ്‌കുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഉപയോഗശൂന്യമായ കിണറുകളും കുളങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോളനികളിലെ ഹാന്‍ഡ് ബോറുകള്‍ റിപ്പയര്‍ ചെയ്യണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ബാണുസുര, കാരാപ്പുഴ ഡാമുകളില്‍ നിന്ന് ആവശ്യാനുസരം വെള്ളം തുറന്നുവിടാന്‍ യോഗം തീരുമാനിച്ചു. ബാണാസുര ഡാം ഉടന്‍ തുറക്കുന്നതിന് അനുമതി നല്‍കും. ലഭ്യമായ വെള്ളം ന്യായയുക്തമായ രീതിയില്‍ ചെലവഴിക്കണമെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ കര്‍ഷകരും പ്ലാന്റര്‍മാരും മറ്റും ഉള്‍പ്പെട്ട തര്‍ക്കങ്ങളില്‍ ചെറുകിട ജലസേചന വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി അതടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കണം.

മെയ് മാസം വരെ ജില്ലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത് പൂര്‍ണമായി നിരോധിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി.ജനില്‍ കുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.