കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം നിരസിച്ച കൊച്ചു വേലായുധന്റെ വീട് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സിപിഐഎം. സ്ഥല പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിശദീകരണം ദയനീയമെന്നും നിവേദനം തരുമ്പോള്‍ അതൊന്നു വായിച്ചു നോക്കുകയെങ്കിലും വേണമെന്നും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. എംപിയുടെ കവറിങ് ലെറ്റര്‍ ഉണ്ടെങ്കില്‍ അത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വരെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുടെ വിശദീകരണം അല്പത്തരമെന്നും വിമര്‍ശനമുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് മഴയിലും കാറ്റിലുമാണ് പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീട് തകര്‍ന്നത്. വീട്
താമസയോഗ്യമല്ലാത്തതിനാല്‍ മുന്‍വശത്തുള്ള കാലിത്തൊഴുത്തില്‍ കുടുംബം താമസം തുടങ്ങി. ഇതിനിടെയാണ് ദുരവസ്ഥയില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.
നിവേദനം നിരസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് സിപിഐഎം തന്നെ വീട് നിര്‍മ്മിച്ചു നല്‍കും എന്ന് പ്രഖ്യാപിച്ചത്. അതില്‍ കൊച്ചുവേലായുധനും സന്തോഷം പ്രകടിപ്പിച്ചു. പിന്നാലെ, വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെ രംഗത്തെത്തി. പൊതുപ്രവര്‍ത്തകനായ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ത് ചെയ്യാന്‍ കഴിയില്ല എന്ന ബോധ്യമുണ്ട്. തനിക്ക് പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ല. ഭവന നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും മറ്റൊരു പാര്‍ട്ടി കൊച്ചു വേലായുധന് വീട് വെച്ച് നല്കുന്നു എന്നതില്‍ സന്തോഷമെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ വിശദീകരിച്ചു.