സമുന്നത സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു

കണ്ണൂര്‍: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ജീവിതകാലം മുഴുവന്‍ നാടിന് വേണ്ടി സമര്‍പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ് ജനിച്ചത്. 1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപിഎം സംസ്ഥാന സെക്രടേറിയറ്റ് അംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നത്.

മക്കള്‍: ശോഭ, സുധ (റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍), മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്), ജ്യോതി ( ഗള്‍ഫ് ), സാനു (ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ് (ഗള്‍ഫ്), എം രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ ഇ ഗംഗാധരന്‍ (മനുഷ്യാവകാശ കമിഷന്‍ അംഗം). സഹോദരങ്ങള്‍: രവീന്ദ്രന്‍ (പയ്യാമ്ബലം), പരേതയായ സാവിത്രി.