തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ ടീച്ചർക്ക് ലഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം.
പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പ്രതികരിച്ചു.