AICC ആസ്ഥാനത്തെ വന്ദേമാതര വിവാദം; ‘കോൺഗ്രസ് നിരുപാധികം മാപ്പ് പറയണം’; ബിനോയ് വിശ്വം

എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വന്ദേമാതരം പാടിയപ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേട്ട് നിന്നു. ചരട് പൊട്ടിയ പട്ടം പോലെയാണ് കോൺഗ്രസെന്നും സംഭവത്തിൽ നിരുപാധികം മാപ്പ് പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതാണ് പുതിയ കോൺഗ്രസ്. ആശയപരമായി വ്യക്തത ഇല്ലെന്ന് അദേഹം വിമർശിച്ചു.

വന്ദേ മാതരത്തെ ദേശീയ ഗീതമായി അംഗീകരിക്കില്ല. പ്രത്യേക മതത്തെ വാഴ്ത്തി പാടുന്ന പാട്ട് ഇന്ത്യയുടെ ദേശീയ ഗാനമാക്കി മാറ്റി പാടാൻ ശ്രമിക്കുന്നുവെന്ന് അദേഹം പറഞ്ഞു. വന്ദേമാതരം ആര്‍എസ്എസിനോ പ്രിയപ്പെട്ടതാണെങ്കില്‍ പോലും ഇന്ത്യയ്ക്ക് ആ പാട്ടിനെ ദേശീയ ഗീതമായിട്ട് പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറയേണ്ട വേളയിലാണ് എഐസിസി ആസ്ഥാനത്ത് എല്ലാ വരികളും പാടിയതെന്ന് അദേഹം പറഞ്ഞു. കോൺഗ്രസിന് ആ രാഷ്ട്രീയം അറിയില്ലെങ്കിൽ അത് പഠിക്കാൻ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.വന്ദേമാതരത്തെ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ദേശീയ ഗാനമോ ദേശീയ ഗീതമോ ആക്കി മാറ്റാന്‍ ആര് ശ്രമിച്ചാലും ഇന്ത്യയിലെ കോടാനുകോടി പൗരന്മാരെ ആശങ്കയിലാഴ്ത്തുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്വന്തം നാട്ടില്‍ തങ്ങള്‍ സുരക്ഷിതരാണോയെന്ന് അവര്‍ ചിന്തിക്കും. ഇതേക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം. ഗാന്ധി-നെഹ്‌റു പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നവര്‍ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.