റായ്പുർ ∙ ഇ 20 ഇന്ധനം ഉപയോഗിച്ചതുമൂലം വാഹനത്തിനു കേടുപാടുകൾ സംഭവിച്ചെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് അനുകൂല വിധിയുമായി.റായ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. വാഹനത്തിന്റെ അറ്റകുറ്റ പണിയ്ക്കുള്ള ചെലവുകൾ പൂർണമായും ഉടമയ്ക്ക് നൽകാൻ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കിയോടും ബന്ധപ്പെട്ട ഡീലറോടും കോടതി നിർദേശിച്ചു. ഇതിനുപുറമേ, മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിനുള്ള നഷ്ടപരിഹാരവും കോടതിച്ചെലവും വാഹന ഉടമയ്ക്ക് നൽകണം. വിധി വന്ന് 45 ദിവസത്തിനകം തുക കൈമാറിയില്ലെങ്കിൽ പലിശ സഹിതം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.പരാതി ഇങ്ങനെ: 2023 ജനുവരിയിൽ നിർമിച്ച മാരുതി സുസുക്കി ‘ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് സെറ്റ പ്ലസ്’എന്ന മോഡലാണ് പരാതിക്കാരന്റേത്. ഇ 20 പെട്രോൾ അടിച്ചതിനു പിന്നാലെ വാഹനത്തിനു തുടർച്ചയായി എൻജിൻ തകരാറുകൾ അനുഭവപ്പെടാൻ തുടങ്ങിയെന്ന് ഉടമ പറയുന്നു. കുറഞ്ഞ പെർഫോമൻസ്, മൈലേജിലെ കുറവ് എന്നിവയായിരുന്നു പ്രധാന പ്രശ്നങ്ങൾ. പലതവണ വർക്ക്‌ഷോപ്പിൽ കാണിച്ച് പണം മുടക്കി അറ്റകുറ്റ പണി നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനെ തുടർന്നാണ് ഉടമ കോടതിയെ സമീപിച്ചത്. എന്നാൽ, വാഹനം ഇ 20 ഇന്ധനവുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, സാധാരണ ഉണ്ടാകുന്ന തേയ്മാനമോ കൃത്യമായ അറ്റകുറ്റപ്പണിയുടെ കുറവോ കൊണ്ടാണ് തകരാർ സംഭവിച്ചതെന്നുമാണ് മാരുതി സുസുക്കിയും ഡീലറും കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. വാഹനം തുടർച്ചയായി അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ചിട്ടും ഇതേ പ്രശ്നം ആവർത്തിച്ചത് ഇന്ധനത്തിന്റെ തകരാർ മൂലമാണെന്ന ഉപഭോക്താവിന്റെ വാദത്തിനു ബലം നൽകുന്നതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
ഇ 20 പെട്രോൾ എൻജിനുകൾക്ക് കേടുപാടുണ്ടാക്കുന്നു എന്ന ആക്ഷേപത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ തള്ളിയിരുന്നു. ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്നും സർക്കാരിന് ഇതുവരെ ഔദ്യോഗിക പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. എഥനോളിന് ഊർജക്ഷമത കുറവായതിനാൽ മൈലേജിൽ 3 മുതൽ 5 ശതമാനം വരെ നേരിയ കുറവുണ്ടാകാമെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും, ഇത് എൻജിനെ ബാധിക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഈ തർക്കങ്ങൾക്കിടയിലാണ് വാഹന നിർമാതാക്കൾക്ക് തിരിച്ചടിയായി ഉപഭോക്തൃ കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിധി വലിയ നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നേക്കും.








