തിരുവനന്തപുരം ∙ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകള്‍ (വോക്കല്‍) ഘടിപ്പിക്കുന്നതിനു കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍. വാഹനത്തില്‍ പാട്ട് വച്ച് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തില്‍ മുന്നോട്ടെടുത്ത് ഒരു കുട്ടി മരിച്ച ദാരുണസംഭവവും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. വാഹന മോഡിഫിക്കേഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികള്‍ ദുരുപയോഗം ചെയ്യുകയോ അത് ദുരന്തങ്ങളിലേക്ക് നയിക്കുകയോ ചെയ്താല്‍ വാഹനം കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വോക്കല്‍ വച്ചവരൊക്കെ എത്രയും പെട്ടെന്ന് അഴിച്ചുമാറ്റണം. ഏതു സമയത്തും വണ്ടി പിടിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ നിറം മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി യാത്രാ പദ്ധതി വന്‍ വിജയമാണ്. എല്ലാ ദിവസവും യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 6 ലക്ഷത്തില്‍നിന്ന് 12.71 ലക്ഷത്തിലേക്ക് ഉയര്‍ന്നു. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 64 ശതമാനവും സ്ത്രീ യാത്രക്കാരാണ്. 60 കോടി രൂപയാണ് പ്രതിമാസം പദ്ധതിക്കായി വേണ്ടിവരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വേളിയില്‍നിന്ന് കഠിനംകുളം വരെ പാര്‍വതി പുത്തനാറിലൂടെ സിയാലിന്റെ സൗരോര്‍ജ യാത്രാ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി 1.5 ലക്ഷം രൂപ കിട്ടുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കും. 24 മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ആശുപത്രികളുമായി സഹകരിച്ച് ജീവനക്കാരെ നിയോഗിക്കുമെന്നും സി.പി. ജോൺ പറഞ്ഞു.







