‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

 

ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്റെ ഭീഷണി. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിലേക്ക് അടുത്ത് ഇറാനും ഒമാനും. പേർഷ്യൻ ഉൾക്കടലിൽ അകത്തേക്കുള്ള കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള കരാറാണ് അന്തിമഘട്ടത്തിലുള്ളത്. ഹോർമുസ് തുറക്കുന്ന കരാർ ഉടനുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. കരാറായാൽ ജൂൺ 17ന് ഒപ്പുവച്ച ഇറാൻ–യുഎസ് വെടിനിർത്തലും പുനഃസ്ഥാപിക്കപ്പെട്ടേക്കും. പശ്ചിമേഷ്യയിൽ 5 മാസമായി തുടരുന്ന സംഘർഷത്തിന് ഇതോടെ വിരാമമാകും.ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇറാനുമായുള്ള ചർച്ച പുരോഗമിക്കുന്നതെന്നു വ്യക്തമാക്കിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഹോർമുസിനുമേൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിൽ ഇളവു വരുത്തിയെന്നാണു സൂചന. ചർച്ച അന്തിമഘട്ടത്തിലാണെങ്കിലും സുപ്രധാന വിഷയങ്ങളിൽ ഇനിയും ധാരണായാവാനുണ്ടെന്നാണ് യുഎസ് പറയുന്നത്.

 

അതേസമയം, ചെങ്കടലിൽ ഇന്നലെ സൗദിയുടെ വഫ എണ്ണക്കപ്പലിനുനേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള ഹൂതികൾ അവകാശപ്പെട്ടു. ചെങ്കടലിൽ ചൊവ്വാഴ്ച സ്ഫോടനത്തിൽ തകർന്ന ഇന്ത്യൻ ചരക്കുകപ്പലിലെ 13 ഇന്ത്യക്കാരടക്കമുള്ള നാവികരെ യെമൻ തീരസേന രക്ഷിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ കൊണ്ടിടിച്ചാണു കപ്പൽ മുക്കിയത്. ആരും ഉത്തരവാദിത്തമേറ്റിട്ടില്ല. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനു പിന്നാലെയാണ് ചെങ്കടലിലെ ബാബുൽ മൻദിബിൽ ഹൂതികൾ സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.