Headlines

10–ാം ദിവസവും ഇറാന്റെ തുറമുഖങ്ങളിൽ ബോംബിട്ട് യുഎസ്

 

ദുബായ് ∙ ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു.

 

ഇന്നലെ ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 എണ്ണ ടാങ്കറുകൾ മിസൈൽ ആക്രമണത്തിൽ തകർന്നു. നാവികർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. അതേസമയം, ഇറാൻ–യുഎസ് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള മധ്യസ്ഥ നീക്കവും സജീവമായിട്ടുണ്ട് .ഇറാനിലെ ഷിറാസ്, ചാബഹാർ, ഖൊരാമബാദ്, പടിഞ്ഞാറ് അബ്ദനൻ എന്നീ തീരനഗരങ്ങളിലാണ് യുഎസ് ഇന്നലെ ബോംബിട്ടത്.ബഹ്റൈനിൻ ആമസോൺ ഡേറ്റ സെന്ററും യുഎസ് സൈനികരുടെ താമസകേന്ദ്രങ്ങളും ആക്രമിച്ചതായി ഇറാൻ സേന അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് വ്യോമത്താവളത്തിലും കുവൈത്തിലെ 3 യുഎസ് സേനാത്താവളങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി.തുടർച്ചയായ നാലാം ദിവസവും കുവൈത്തിലെ വൈദ്യുതി നിലയങ്ങളിലും കുടിവെള്ള പ്ലാന്റുകളിലും മിസൈൽ ആക്രമണങ്ങളിൽ തീപിടിച്ചു. പല നിലയങ്ങളിലും വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി.

 

അതേസമയം, ഹോർമുസിലെ തെക്കൻ പാതയിലൂടെ പോകാൻ ശ്രമിച്ച 2 എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തീപിടിച്ചതായി ഇറാൻ റവല്യൂഷനറി ഗാർഡ് പറഞ്ഞു. കഴിഞ്ഞദിവസവും കടൽബോംബ് സ്ഫോടനത്തിൽ 2 കപ്പലുകൾക്കു തീപിടിച്ചിരുന്നു. ഇറാൻ അനുമതിയോടെ 4 ചരക്കുകപ്പലുകൾ മാത്രമാണ് ഇന്നലെ ഹോർമുസ് കടന്നത്.ഹൂതികളുടെ ഭീഷണി; സൗദിക്കപ്പലുകൾ തിരിച്ചുപോയി

 

സിംഗപ്പൂർ/ ലണ്ടൻ ∙ യെമനിലെ ഹൂതികളുടെ ഭീഷണിയെത്തുടർന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും ക്രൂഡുമായി പുറപ്പെട്ട സൗദിയുടെ 2 എണ്ണക്കപ്പലുകൾ ചെങ്കടലിൽ നിന്ന് മടങ്ങിപ്പോയി. സൗദി തുറമുഖങ്ങൾ ഒഴിവാക്കാൻ ഷിപ്പിങ് കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി. സൗദി തുറമുഖത്തുനിന്നുള്ളതും അവിടേക്കു പോകുന്നതുമായ കപ്പലുകൾ ചെങ്കടലിൽ എവിടെയും ആക്രമിക്കപ്പെടാമെന്നു കമ്പനികൾക്ക് നൽകിയ ഇ മെയിൽ സന്ദേശത്തിൽ ഹൂതികൾ പറഞ്ഞു.