Headlines

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. റിമാൻഡിൽ ആയി ഒൻപതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആയിരുന്നു സമരം

ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി പരിഗണിച്ചു. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുണ്ടായത്.

കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു.