യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്. പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്നാണ് സൂചന. പരിപാടികളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെ എം അഭിജിത്തിനെ അധ്യക്ഷനാക്കാത്തതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഒജെ ജനീഷിനോട് എതിര്‍പ്പില്ലങ്കിലും ജാതി സമവാക്യങ്ങളുടെ പേരില്‍ ഒ ജെ ജെനീഷിനെ അധ്യക്ഷനാക്കാനായിരുന്നെങ്കില്‍ മുന്‍പ് എന്തിനാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ഗ്രൂപ്പുകള്‍ ചോദിക്കുന്നത്
സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ അംഗീകരിക്കുന്നുവെങ്കിലും ബിനു ചുള്ളിയലിനെ അംഗീകരിക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. യൂത്ത് കോണ്‍ഗ്രസില്‍ ഇതുവരെയില്ലാതിരുന്ന വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം എന്തിനാണെന്നും അത് അംഗീകരിക്കാനാകില്ലെന്നുമാണ് ഗ്രൂപ്പിന്റെ നിലപാട്. ബിനു ചുള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്തയാളാണെന്ന ഉയര്‍ത്തിക്കാട്ടിയാണ് എ ഗ്രൂപ്പ് എതിര്‍പ്പറിയിക്കുന്നത്.
ഈയൊരു നിര്‍ണായക സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയുണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനേയും നിയമസഭാ തിരഞ്ഞെടുപ്പിനേയും അത് ബാധിച്ചേക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വോട്ട് ലഭിച്ച ആളെന്ന നിലയില്‍ അബിന്‍ വര്‍ക്കി അടുത്ത പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അബിന് വര്‍ക്കിയെ അധ്യക്ഷനാക്കാത്തത് ഐ ഗ്രൂപ്പിനേറ്റ വലിയ പ്രഹരമാണ്. സംഘടനയുടെ കേന്ദ്ര സെക്രട്ടറി സ്ഥാനം അബിന്‍ ഏറ്റെടുക്കാതിരിക്കുകയും സാധാരണ അംഗമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.