Headlines

ബിഹാറില്‍ കരുത്തുകാട്ടാന്‍ ഇടത് പാര്‍ട്ടികള്‍; സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ണാണ് ബിഹാര്‍. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ ഒരുങ്ങുകയാണ് ഇടതു പാര്‍ട്ടികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച സ്ട്രൈക്ക് റേറ്റിന്റെ ആത്മവിശ്വാസത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തവണ പോരാട്ടത്തിന് ഇറങ്ങുന്നത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം.

കര്‍ഷക ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ബിഹാറിലെ ആരാ, ജഹനാബാദ്, സിക്ത തുടങ്ങിയ മണ്ഡലങ്ങള്‍ സിപിഐഎംഎല്ലിന്റെ ശക്തി കേന്ദ്രമാണ്. പിപ്ര, ബംഗ തുടങ്ങിയ മണ്ഡലങ്ങളില്‍ സിപിഐക്കും വലിയ സ്വാധീനമുണ്ട്. മധുബനിയും ബഗുസരായും ഇടതു കേന്ദ്രങ്ങളാണ്. ബിഹാറിലെ ഇടതുവേരോട്ടം ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് കരുത്തേകും. ഇത് കൂടാതെ ബിഹാറിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇന്ന് ഇടതു പാര്‍ട്ടികള്‍കളുടെ സ്വാധീനമുണ്ട്.

2020ലെ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 51 മണ്ഡലങ്ങളിലും കടുത്ത പരാജയം നേരിട്ടപ്പോള്‍, 27 സീറ്റുകളില്‍ മത്സരിച്ച ഇടതു പാര്‍ട്ടികള്‍ 19 ഇടങ്ങളിലാണ് ചെങ്കൊടി പാറിച്ചത്. ഇടതു പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്നത് മഹാസഖ്യത്തിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളും ഗ്രാമങ്ങളിലെ ദാരിദ്ര്യവും ഉയര്‍ത്തിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം.