തൃശ്ശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് നേരെയാണ് ആക്രമണം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി അസറുദ്ദീന്‍, മാവോയിസ്റ്റ് കേസ് പ്രതി മനോജ് എന്നിവരാണ് ആക്രമിച്ചത്
ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. അഭിനവ് എന്ന ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. തങ്ങള്‍ റിഫ്രഷ്‌മെന്റ് സമയത്ത് സെല്ലിന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴേക്കും സെല്ല് പൂട്ടിയെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥനെ മര്‍ദിച്ചത്.
ബാത്ത്‌റൂമിന്റെ കൊളുത്ത് ഉള്‍പ്പെടെ പറിച്ചെടുത്ത് ഇതുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ഈ മര്‍ദനരംഗം കണ്ട് റെജികുമാര്‍ എന്ന മറ്റൊരു തടവുകാരന്‍ ഓടിയെത്തുകയും ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. റെജികുമാറിനെ അക്രമികളായ രണ്ടുപേരും ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയുണ്ട്.
ഉദ്യോഗസ്ഥനും റെജികുമാറിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരേയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.






