🔳രാജ്യത്ത് 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പ്. എബിജി ഷിപ് യാര്‍ഡ് കമ്പനിയാണ് തട്ടിപ്പു നടത്തിയത്. എസ്ബിഐ അടക്കമുള്ള 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് തട്ടിപ്പിന് ഇരയായത്. കമ്പനി ഡയറക്ടര്‍മാരായ റിഷി അഗര്‍വാള്‍, സന്തനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരടക്കം എട്ടു പ്രതികള്‍ക്കെതിരേ സിബിഐ കേസെടുത്തു. സൂറത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍വച്ച് ഏറ്റവും വലിയ തട്ടിപ്പുകേസാണിത്.
🔳ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാളെ ആരംഭിക്കുന്ന ക്ലാസ് ഉച്ചവരെ മാത്രം. ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ക്കുവീതമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരംവരെ ക്ലാസ് നടത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും അധ്യാപക സംഘടനാ നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.
🔳ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസിനു മുകളില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. കോട്ടയം കുറുപ്പന്തറയിലാണു സംഭവം. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ല. എന്നാല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രെയിനുകളുടെ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇലക്ട്രിക്ക് എന്‍ജിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്നു വീണതോടെയാണ് ഇലക്ട്രിക് ലൈന്‍ പൊട്ടിയത്.
🔳ഹിജാബ് വിവാദത്തിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു. നിഖില്‍ ഉപാധ്യായ എന്നയാളാണു ഹര്‍ജി സമര്‍പ്പിച്ചത്.
🔳അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യത കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. എംഎ എക്കണോമിക്സ് ബിരുദധാരിയായ ഇയാള്‍ വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ എംബിഎ ബിരുദവും നേടി. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താറുണ്ട്. വിനീതയെ കൊന്ന് മോഷ്ടിച്ച സ്വര്‍ണമാല പണയംവച്ചു ലഭിച്ച 32,000 രൂപ ഓണ്‍ലൈന്‍ ട്രേഡിംഗിലാണ് നിക്ഷേപിച്ചത്. അഞ്ചാമത്തെ കൊലപാതകമാണെന്ന വിവരം പോലീസിനെ ഞെട്ടിച്ചിരിക്കേയാണ് പ്രതിക്ക് ഇത്രയും വിദ്യാഭ്യാസയോഗ്യതയുണ്ടെന്നു പോലീസ് കണ്ടെത്തിയത്.
🔳തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇടവിട്ടുള്ള ശക്തമായ മഴ. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലെ വനമേഖലകളിലും മഴ ലഭിക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതല്‍ ശക്തമായ മഴയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
🔳അടുത്ത മാസം മുതല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാനിരിക്കേ, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ പരീക്ഷകളുടെ തീയതികള്‍ മാറ്റി. മാര്‍ച്ച് രണ്ടിനു നടത്തേണ്ട മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും മൂന്നാം തീയതിയിലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ ആറാം തീയതിയിലേക്കും നാലാം തീയതിയിലെ ലാബ് അസിസ്റ്റന്റ് പരീക്ഷ 12 ാം തീയതിയിലേക്കും മാറ്റി. മാര്‍ച്ച് എട്ടാം തീയതിയിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ ആറാം തീയതിയിലേക്കും ഒമ്പതാം തീയതിയിലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ 23 ലേക്കും മാറ്റി. മാര്‍ച്ച് 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ 25 ലേക്കും 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ 24 ലേക്കും 14 ാം തീയതിയിലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ 25 ലേക്കും മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ 13 ലേക്കും 19 ലെ എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്കും 22 ലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ 26 ലേക്കും മാറ്റിവച്ചു.
🔳മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്നു രക്ഷിച്ച അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്.
🔳ഹിജാബിനുവേണ്ടി വാദിക്കുന്നവര്‍ക്കു പിറകില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ ഗവര്‍ണര്‍ പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
🔳കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച രണ്ടു പാക്കറ്റുകളാണു പിടിച്ചെടുത്തത്. വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ 78 ലക്ഷത്തിലധികം രൂപ വിലവരും.
🔳തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരനായ കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. കോവിഡ് ബാധിച്ച് പ്രത്യേക വാര്‍ഡിലായിരുന്ന ഇയാളെ മാനസികാസ്വാസ്ഥ്യംമൂലം ജനുവരി 27 നാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പീഡനം, കവര്‍ച്ച എന്നിവയുള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയാണ് ഇയാള്‍.
🔳എസ്ഡിപിഐ ബന്ധം ഉപേക്ഷിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്‌മാനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
🔳നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
🔳മലമ്പുഴ കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാരിനു ചെലവായത് അമ്പതു ലക്ഷത്തോളം രൂപ. ഹെലികോപ്റ്റര്‍ സേവനം അടക്കമുള്ള സന്നാഹങ്ങള്‍ ഒരുക്കിയതിനും പല കേന്ദ്രങ്ങളില്‍നിന്നായി സേനാംഗങ്ങളെ എത്തിക്കുന്നതിനും മറ്റുമാണ് ഇത്രയും തുക ചെലവായതെന്നു കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി.
🔳കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ പതിന്നാലുകാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ പതിന്നാലുകാരി സഹോദരിയാണ് വനിത സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സുരക്ഷ ജീവനക്കാരുടെ മര്‍ദനമേറ്റ് 14 കാരി ചികിത്സ തേടി. സെക്യൂരിറ്റി ജീവനക്കാരായ ജോയല്‍ മേരി, റിനി എന്നിവര്‍ക്കു മര്‍ദ്ദനമേറ്റെന്നു പരാതിയുണ്ട്.
🔳ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്ന് അനില്‍ അംബാനിയെ സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. ഇദ്ദേഹത്തിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും സീനിയര്‍ എക്സിക്യുട്ടീവുമാരായ മൂന്നുപേരേയും വിലക്കിയിട്ടുണ്ട്. കമ്പനി ഫണ്ട് വകമാറ്റി, സാമ്പത്തിക രേഖകളില്‍ കൃത്രിമം കാട്ടി, സാമ്പത്തിക രേഖകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചത്.
🔳ഹിജാബ് വിവാദത്തെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ രണ്ടിടത്ത് സംഘര്‍ഷം. നല്ലൂരിലും ദാവന്‍ഗരയിലും നടന്ന സംഘര്‍ഷത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നല്ലൂരില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകള്‍ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് വെട്ടേറ്റു. കല്ലേറില്‍ സ്ത്രീക്കും പരിക്കേറ്റു. ദാവന്‍ഗരയിലെ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശി.
🔳ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു.
🔳രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തില്‍ പോയി ഉത്തര്‍പ്രദേശിനെ തളളിപ്പറയുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവര്‍ ഇന്ത്യക്കു പുറത്തു പോയാല്‍ രാജ്യത്തിനെതിരേ വിരല്‍ ചൂണ്ടും. രാജ്യത്തെ ജനങ്ങളെ ഇരുവര്‍ക്കും വിശ്വാസമില്ലെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. കേരളത്തിനെതിരേ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദമായിരിക്കേയാണ് പുതിയ ആക്ഷേപം.
🔳’ബൈ ദി ഫാമിലി, ഫോര്‍ ദി ഫാമിലി, ഓഫ് ദി ഫാമിലി’ എന്ന നിലയിലാണ് രാജ്യ ഭരണത്തെ ചിലര്‍ ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു പിയിലെ കനൗജില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും നിശിതമായി വിമര്‍ശിച്ച് അദ്ദേഹം പ്രസംഗിച്ചത്.
🔳ഗോവയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണവും സമാപിച്ചു. നാളെ വോട്ടെടുപ്പ്.
🔳തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂടുതല്‍ ഇളവുകള്‍. രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ പ്രചാരണം നടത്താം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പദയാത്രകളും നടത്താമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടു.
🔳തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ മാര്‍ച്ച് രണ്ടുവരെ തുടരുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കും. വിവാഹത്തിന് 200 പേരെ പങ്കെടുപ്പിക്കാനും അനുമതി.
🔳ഡ്രോണുകളുടെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഗവേഷണ വികസന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസം, പ്രതിരോധ സുരക്ഷ എന്നിവയ്ക്കും ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാം. എന്നാല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി നേടണം. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകളെ പ്രോല്‍സാഹിപ്പിക്കാനാണ് ഇറക്കുമതി നിരോധനം.
🔳850 കോടി രൂപ വിലമതിക്കുന്ന രണ്ടു ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. രണ്ടര വര്‍ഷമായി ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടിയ കഞ്ചാവുശേഖരമാണ് വിശാഖപട്ടണത്ത് കത്തിച്ചുകളഞ്ഞത്. സംസ്ഥാന പോലീസ് മേധാവി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവുകത്തിക്കല്‍.
🔳അറബിക്കടലില്‍ വന്‍ ലഹരി വേട്ട. ഗുജറാത്തിനോടു ചേര്‍ന്ന് ബോട്ടുകളില്‍ കടത്തിയിരുന്ന രണ്ടായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. രണ്ടു ബോട്ടുകളിലായി ആയിരം കിലോ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് നേവിയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ബോട്ട് പിടികൂടിയത്. മറ്റൊരു ബോട്ട് അതിവേഗം രക്ഷപ്പെട്ടു.
🔳മുംബൈയില്‍ 54 കാരനെ കൊലപ്പെടുത്തി ഏഴാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ സംഭവത്തില്‍ ഭാര്യയെയും മകനെയും അറസ്റ്റു ചെയ്തു. മുംബൈ അംബോലിയില്‍ ശന്തനുകൃഷ്ണ ശേഷാദ്രി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യയും മകനും ആദ്യം പോലീസിനോടു പറഞ്ഞത്.
🔳ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലേക്കു പറന്നുവീണ തുണിയെടുക്കാന്‍ പത്താം നിലയില്‍നിന്ന് ഒമ്പതാം നിലയിലേക്കു മകനെ സാരിയില്‍ കെട്ടിയിറക്കി. ഡല്‍ഹി ഫരീദാബാദിലാണ് സംഭവം. അമ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒമ്പതു വയസുള്ള ബാലനെ കെട്ടിയിറക്കുകയും വലിച്ചുകയറ്റുകയും ചെയ്യുന്ന വീഡിയോ വൈറലായി.
🔳സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങളില്‍ റെഡ് ഹാര്‍ട്ട്, റോസ് തുടങ്ങിയ ഇമോജികള്‍ അയയ്ക്കുന്നതു കുറ്റകരാണെന്ന് നിയമവിദഗ്ധര്‍. ഒരാളുടെ സമ്മതമില്ലാതെ ഇത്തരം ഇമോജികള്‍ അയച്ചാല്‍ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വര്‍ഷം വരെ തടവും 1,00,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ രണ്ടാമത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് എടികെ രണ്ടാമതെത്തിയത്.
🔳ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയായ 15.25 കോടി രൂപയ്ക്ക് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ 10.75 കോടി രൂപയ്ക്ക് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ജേഴ്‌സി അണിയും. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ അഞ്ചര കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പിടിച്ചു. മങ്കാദിംഗിലൂടെ വിവാദപുരുഷനായ ആര്‍ അശ്വിനും ജോസ് ബട്‌ലറും രാജസ്ഥാന്‍ റോയല്‍സില്‍ എത്തി. ഇരുവരും ഒരു ടീമിലാകുമ്പോള്‍ അശ്വിന്റെ മങ്കാദിംഗ് ഇനിയെങ്ങനെ എന്നാണ് ആരാധകരുടെ ചോദ്യം.
🔳കേരളത്തില്‍ ഇന്നലെ 73,965 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 23 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 404 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,053 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,81,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍ : എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205.
🔳രാജ്യത്ത് ഇന്നലെ നാല്‍പത്തയ്യായിരത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 4,359, കര്‍ണാടക- 3,202, തമിഴ്നാട്- 2,812, ഡല്‍ഹി- 920.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു താഴെ. ബ്രസീല്‍ – 1,34,228, ഫ്രാന്‍സ് – 1,18,611, റഷ്യ- 2,03,766, തുര്‍ക്കി – 86,193, ഇറ്റലി- 62,231, ജര്‍മനി – 1,51,871, ജപ്പാന്‍ – 98,173. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.05 കോടിപേര്‍ക്ക്. നിലവില്‍ 7.41 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,997 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,167, ഇന്ത്യ – 804, ബ്രസീല്‍ – 1041, റഷ്യ- 722. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.18 ലക്ഷമായി.
🔳പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം കുതിച്ചുയര്‍ന്ന് 87.64 ബില്യണ്‍ രൂപയായി. കമ്പനിയുടെ ലാഭം 84.3 ബില്യണ്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.58 ബില്യണ്‍ രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്ത വരുമാനം 284.74 ബില്യണ്‍ രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67.3 ശതമാനം കൂടുതലാണ്. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.75 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് അംഗീകരിച്ചു. ഒഎന്‍ജിസി 2022 ഫെബ്രുവരി 22 ഡിവിഡന്റ് നല്‍കുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു. 2021 നവംബറില്‍ നേരത്തെ പ്രഖ്യാപിച്ച ഒരു ഓഹരിക്ക് 5.50 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്.
🔳ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബ്‌ളൂ ഹൈഡ്രജന്റെ ഏറ്റവും വലിയ ഉത്പാദകരില്‍ ഒരാളാകാന്‍ ലക്ഷ്യമിടുന്നു. റിലയന്‍സിന്റെ ഹരിത-ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി ‘മത്സരാധിഷ്ഠിത വിലയില്‍’ ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കാനാണ് പദ്ധതി. മുംബൈ ആസ്ഥാനമായുള്ള കമ്പനി 4 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് പുനര്‍നിര്‍മ്മിക്കും. അത് പെട്രോളിയത്തെ സിന്തസിസ് വാതകമാക്കി മാറ്റി ബ്‌ളൂ ഹൈഡ്രജന്‍ ഒരു കിലോഗ്രാമിന് 1.2- 1.5 ഡോളര്‍ നിരക്കില്‍ ഉത്പാദിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് ബ്‌ളൂ ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നത്.
🔳മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകളു’ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദീന്‍, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഡിനോയ് തന്നെയാണ് നായകന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.
🔳ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘അഗിലന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയം രവി തന്നെയാണ് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്തത്. എന്‍ കല്യാണ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുക. എന്‍ കല്യാണ കൃഷ്ണനാണ് തിരക്കഥയും എഴുതുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
🔳ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ ഇന്ത്യയിന്‍നിന്ന് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചു. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ചകാനിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗണ്‍ ഇന്ത്യയുടെ പ്ലാന്റില്‍ നിര്‍മിച്ച ഫോക്‌സ്വാഗണ്‍ ടി-ക്രോസ് മുംബൈയിലെ പോര്‍ട്ടില്‍നിന്ന് മെക്‌സികോയിലേക്ക് കയറ്റി അയച്ചു. ടി-ക്രോസിന്റെ ആദ്യ ബാച്ചായി 1232 വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നതെന്ന് ഫോക്‌സ്വാഗണ്‍ അറിയിച്ചു. സൗത്ത് ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്.
🔳പ്രണയത്തിന് കാലമോ ദേശമോ തടസ്സമല്ല. ലോകത്തിന്റെ ഏതുകോണില്‍ നടക്കുന്ന പ്രണയവും നാം നമ്മുടേതാക്കുന്നു. ടോള്‍സ്റ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്പിലെ നെഖ്‌ലിയുദോവും കറ്റിയുഷയും തമ്മിലെ പ്രണയം നമ്മുടേതുകൂടിയാവുന്നത് അതുകൊണ്ടാണ്. യൂറോപ്പ് കഥാഭൂമികയാവുന്ന നോവലാണ് ‘ജക്കരന്ത’. ആല്‍പ്‌സ് പര്‍വ്വതനിരകളും ടൂറിസ്റ്റ് കേന്ദ്രമായ കാര്‍ണോവിയയും പ്രണയത്തിന്റെ രൂപകങ്ങളായി ഈ നോവലില്‍ നിറയുന്നു. മോബിന്‍ മോഹന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 135 രൂപ.
🔳ആരോഗ്യപരമായി കൊവിഡ് ഉയര്‍ത്തിയ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ കൂട്ടത്തിലേക്ക് രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ കൂടി അടിവരയിട്ട് ചേര്‍ക്കുകയാണ് വിദഗ്ധര്‍. വിഷാദരോഗവും ഉത്കണ്ഠയും. ‘ദ ലാന്‍സെറ്റ്’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം 204 രാജ്യങ്ങളിലും അതിന്റെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലും 2020ഓടെ വിഷാദരോഗവും ഉത്കണ്ഠയും നേരിടുന്നവരുടെ എണ്ണം കുത്തനെ കൂടി. അഞ്ച് കോടിയിലധികം പേരില്‍ അധികമായി വിഷാദരോഗവും, ഏഴ് കോടിയിലധികം പേരില്‍ അധികമായി ഉത്കണ്ഠയും സ്ഥിരീകരിച്ചുവെന്നാണ് ‘ദ ലാന്‍സെറ്റ്’ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സാധാരണനിലയില്‍ നിന്ന് അധികമായി വരുന്ന കേസുകളുടെ എണ്ണമാണിത്. ഏകാന്തത തന്നെയാണ് മനുഷ്യരെ കാര്യമായും ഇക്കാലയളവില്‍ മാനസികമായി ബാധിച്ചത്. ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ് വിഷാദരോഗവും ഉത്കണ്ഠയും വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് തിരിച്ചറിയുന്ന പക്ഷം, സ്വയമോ അല്ലാതെയോ ചികിത്സ തേടാനുള്ള ശ്രമമാണ് ഏവരും നടത്തേണ്ടത്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിരാരോഗ്യമെന്നും ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കി മുന്നോട്ടുപോവുക.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രീക്ക് ചിന്തകനായിരുന്ന സോക്രട്ടീസ് ആര്‍ഭാടം തീരെ ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു. അത്യാവശ്യസാധനങ്ങള്‍ മാത്രം ഉപയോഗിച്ച് ഏറ്റവും ലളിതമായി ജീവിക്കുക. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരിക്കല്‍ സോക്രട്ടീസ് ചന്തയില്‍ പലതരം സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നില്‍ക്കുകയായിരുന്നു. വിലപിടിപ്പുള്ള സാധങ്ങള്‍ ഓരോന്നായി എടുത്ത് പരിശോധിക്കുകയാണ് അദ്ദേഹം. ഇത് നോക്കിക്കൊണ്ട് കുറച്ചകലെ ചിലര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: ചുരുങ്ങിയ ചിലവിലേ ജീവിക്കൂ എന്ന പറച്ചില്‍ മാത്രമേയുള്ളൂ. കണ്ടില്ലേ, വിലപിടിച്ചസാധങ്ങളാ അയാള്‍ നോക്കി വാങ്ങുന്നത്.. ഇവര്‍ ഇതൊക്കെ ആരുമറിയാതെ വാങ്ങിക്കൂട്ടുമെന്നോ.. മറ്റൊരാള്‍ പറഞ്ഞു. സോക്രട്ടീസിന്റെ ഒരു സുഹൃത്ത് ഈ സംഭാഷണമെല്ലാം കേട്ട് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം സോക്രട്ടീസിന്റെ അടുത്ത് ചെന്ന് ചോദിച്ചു: അങ്ങ് എന്ത് വാങ്ങാനാണ് വന്നത്? സോക്രട്ടീസ് ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ വാങ്ങാനൊന്നുമല്ല വന്നത്, എനിക്ക് ആവശ്യമില്ലാത്ത എത്രയെത്ര സാധനങ്ങളാണ് ഇവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് എന്ന് നോക്കുന്നത് എന്റെ ഒരു വിനോദമാണ്. എന്റെ വഴി ശരിയാണെന്ന് ഉറപ്പാക്കാന്‍ ഇതെന്നെ സഹായിക്കും.. ചിലര്‍ അങ്ങിനെയാണ്… ശരിയാണെന്ന് അടിയുറച്ചുവിശ്വസിക്കുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ പിന്മാറുകയില്ല… നമുക്കും ആവശ്യങ്ങളെ തരം തിരിക്കാം, ആവശ്യം അത്യാവശ്യം, അനാവശ്യം എന്ന്.. അത്യാവശ്യങ്ങളുടെ ലോകത്തെ സന്തോഷവും സമാധാനവും നമുക്കും കണ്ടെത്താനാകട്ടെ – ശുഭദിനം.