പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ

🔳ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകര്‍ക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസില്‍ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കര്‍ഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

🔳ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച ഈ മാസം പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 18ന് രാജ്യവ്യാപക റെയില്‍ ഉപരോധവും സംഘടിപ്പിക്കും. സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് കേസ് കൈമാറേണ്ടി വരുമെന്ന സൂചനയും നല്‍കി. ക്രൂരമായ കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ് ഇളവ് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 19,858 കോവിഡ് രോഗികളില്‍ 55.11 ശതമാനമായ 10,944 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 247 മരണങ്ങളില്‍ 48.58 ശതമാനമായ 120 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,30,141 സജീവരോഗികളില്‍ 50.71 ശതമാനമായ 1,16,708 രോഗികളും കേരളത്തിലാണുള്ളത്.

🔳അടുത്ത മാസം സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ലാസുകള്‍ നടത്താനും സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള വിപുലമായ മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാര്‍ സംയുക്തമായാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

🔳’തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖയില്‍ ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്‌സിനേറ്റഡായിരിക്കണം. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ൃത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല.

🔳ഇന്ത്യയില്‍ 35 സംസ്ഥാനങ്ങള്‍ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞാണ് അബ്ദുറബിന്റെ പ്രതികരണം. ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

🔳വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ പ്രവര്‍ത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സിനോട് ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. 75 കോടി രൂപ ചെലവിട്ട് 2015 ലാണ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയായത്. ബലപ്പെടുത്താന്‍ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.

🔳തെരഞ്ഞെടുപ്പില്‍ കാലുവാരിയവര്‍ക്കെതിരെ കെപിസിസിയില്‍ കൂട്ടനടപടി. 97 പേര്‍ക്ക് കെപിസിസി അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചരിത്രത്തിലാധ്യമായാണ് ഇത്രയധികം പേര്‍ക്കെതിരെ കോണ്‍ഗ്രസ് നോട്ടീസ് നല്‍കുന്നത്. 58 പേരെക്കുറിച്ച് പ്രത്യേകം പരിശോധിക്കുകയാണെന്നും കെപിസിസി വ്യക്തമാക്കി. അച്ചടക്കലംഘനത്തിന് വീട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി തുടങ്ങുന്നത്.

🔳പുനഃസംഘടനയില്‍ അതൃപ്തി പുകയുന്ന ബി.ജെ.പി.യില്‍ പരസ്യപ്രതികരണത്തിന്റെ പേരില്‍ നടപടി തുടങ്ങി. പാര്‍ട്ടിയുടെ മുന്‍ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും കഴിഞ്ഞദിവസം രാജിവെച്ച സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳വേറിട്ട അഭിപ്രായമുള്ളവര്‍ക്ക് കയ്പുള്ള അനുഭവങ്ങളാണ് വരാനിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് ബി.ജെ.പി പുനഃസംഘടനയെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. പുനഃസംഘടന കുറച്ചുപേരെ അപമാനിക്കുന്നതാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും എതിര്‍ശബ്ദങ്ങളോടുള്ള അസഹിഷ്ണുത അനാരോഗ്യത്തിന്റെ ലക്ഷണമായേ കാണാനാവൂവെന്നും മുകുന്ദന്‍ വ്യക്തമാക്കി.

🔳കൊവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചിരിക്കുന്ന യോഗം തിങ്കളാഴ്ചയാണ്. സെക്കന്‍ഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടും. അന്‍പത് ശതമാനം സീറ്റില്‍ മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പ്രയാസവും സര്‍ക്കാരിനെ അറിയിക്കും.

🔳ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വിവിധ ജില്ലകളില്‍ പെയ്‌തേക്കാം.

🔳അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടുതല്‍ ദുര്‍ബലപ്പെട്ടതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണവും കൂടി. നിലവില്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. അതുകൊണ്ടു തന്നെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രവാസികള്‍ക്ക് ഇപ്പോള്‍ മികച്ച നിരക്കാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് ധനകാര്യ രംഗത്തുള്ളവര്‍ പറയുന്നത്.

🔳ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ഇടം പിടിച്ചു. ആസ്തികള്‍ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്. 48,000 കോടി രൂപയാണ് കുടുംബത്തിന്റെ മൊത്തം ആസ്തി. വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയോടെ അതി സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ 38 സ്ഥാനത്താണ് യൂസഫലി. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ – 30,300 കോടി രൂപ എസ്. ഗോപാലകൃഷ്ണന്‍ – 30,335 കോടി രൂപ, രവി പിള്ള – 18,500 കോടി രൂപ, എസ്. ഡി ഷിബുലാല്‍ -16,125 കോടി രൂപ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍. മുകേഷ് അംബാനി – 92.7 ബില്യണ്‍, ഗൗതം അദാനി – 74 ബില്യണ്‍, ശിവ നാടാര്‍ – 31 ബില്യണ്‍, രാധാകൃഷ്ണാ ദമാനി – 29.4 ബില്യണ്‍, സൈറസ് പൂനാവാല -19 ബില്യണ്‍ എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.

🔳ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആര്യന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ വാദം അംഗീകരിച്ചാണ് മുംബൈയിലെ കോടതി ജാമ്യം തള്ളിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും തള്ളി. പ്രതികള്‍ക്ക് ജാമ്യത്തിനായി ഇനി സെഷന്‍സ് കോടതിയെ സമീപിക്കാം.

🔳കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്.1932ല്‍ സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സാണ് ദേശസാത്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയായത്. 67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യവത്കരണത്തിന് അംഗീകാരം നല്‍കിയത്.

🔳കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് മൂന്ന് വര്‍ഷം
പൂര്‍ത്തിയാകുന്നതോടെയാണ് സ്ഥാനമൊഴിയുക. സ്ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെ.വി സുബ്രമണ്യന്‍ വ്യക്തമാക്കി.

🔳പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നല്‍കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും ജയശങ്കര്‍ പറഞ്ഞു.

🔳വടക്കന്‍ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. കുന്ദൂസിലെ ഷിയാ പള്ളിയില്‍ ഇന്നലെ ഉച്ചക്കാണ് ഭീകരാക്രമണം നടന്നതെന്നും നിരവധി പേര്‍ രക്തസാക്ഷികളായെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ഒത്തുകൂടിയിരുന്നത്.

🔳ഇത്തവണത്തെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം രണ്ട് മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഫിലിപ്പിനോ-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മരിയ റസ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദമിത്രി മുറാത്തോ എന്നിവര്‍ക്കാണ് നോബേല്‍. അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്‌കാരം. ഇരുവരും നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേല്‍ സമിതി വിശേഷിപ്പിച്ചു.

🔳ഭൂമി മുമ്പത്തെപ്പോലെ തെളിച്ചമുള്ളതല്ലെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വേഗതയില്‍ മങ്ങുന്നുണ്ടെന്നും കണ്ടെത്തല്‍. ബിഗ് ബിയര്‍ സോളാര്‍ ഒബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഇതു വെളിപ്പെടുത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി സൂര്യന്റെ സൗരചക്രവും ക്ലൗഡ് കവറും പഠിക്കാന്‍ ഓരോ രാത്രിയിലും അളവുകള്‍ എടുത്തതിനു ശേഷം ഡേറ്റ വിശകലനം നടത്തിയാണ് ഈ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിനിറങ്ങുക പുതിയ ജേഴ്‌സിയണിഞ്ഞ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്‌സിയാണ് അണിയുന്നത്. ഇത്തവണ രൂപം മാറുമെന്നാന്ന് ബിസിസിഐ പറയുന്നത്. അടുത്ത ബുധനാഴ്ച്ച ജേഴ്‌സിയുടെ ചിത്രം ബിസിസിഐ പുറത്തുവിടും.

🔳സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ടും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 42 റണ്‍സിന് ജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. പ്ലേ ഓഫിലെത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 235 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് കുറിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍ നേടാനായത്. ഇഷാന്‍ കിഷന്‍ 32 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് 40 പന്തില്‍ നിന്ന് 82 റണ്‍സടിച്ചെടുത്തു. ഹൈദരാബാദിനെ 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമെ കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.

🔳ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് അവസാന പന്തില്‍ സിക്‌സറടിച്ച് വിജയത്തിലെത്തി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അര്‍ധ സെഞ്ചുറിയും ശ്രീകര്‍ ഭരതിന്റെ വെടിക്കെട്ട് ഫിനിഷിംഗുമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ പിന്തുണച്ചത്. ജയിച്ചെങ്കിലും ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരും.

🔳കേരളത്തില്‍ ഇന്നലെ 95,510 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,16,645 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160.

🔳രാജ്യത്ത് ഇന്നലെ 19,858 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 23,062 പേര്‍ രോഗമുക്തി നേടി. മരണം 247. ഇതോടെ ആകെ മരണം 4,50,408 ആയി. ഇതുവരെ 3,39,34,335 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.30 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,620 പേര്‍ക്കും തമിഴ്നാട്ടില്‍ 1,359 പേര്‍ക്കും മിസോറാമില്‍ 1,080 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,09,210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 85,527 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,060 പേര്‍ക്കും റഷ്യയില്‍ 27,246 പേര്‍ക്കും തുര്‍ക്കിയില്‍ 30,201 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.79 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,668 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,360 പേരും ബ്രസീലില്‍ 560 പേരും റഷ്യയില്‍ 936 പേരും മെക്‌സിക്കോയില്‍ 514 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.55 ലക്ഷം.

🔳ഒക്ടോബര്‍ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപോഗിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അപ്‌ഡേഷന്‍ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകും. ഒക്ടോബര്‍ 9 അര്‍ദ്ധരാത്രി 11.20 മുതല്‍ രാത്രി 1.20 വരെ അതായത് ഒക്ടോബര്‍ 10, 1.20 വരെ ആയിരിക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തടസം നേരിടുക.

🔳ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക്. തെലുങ്കിലാണ് കാര്‍ത്തിക്കിന്റെ സംവിധാന അരങ്ങേറ്റം. തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തില്‍ സഞ്ജന ആനന്ദ് ആണ് നായിക.ഇന്ത്യയിലെതന്നെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.

🔳ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എലോണി’ല്‍ മോഹന്‍ലാല്‍ എത്തുന്നത് പുത്തന്‍ ഗെറ്റപ്പില്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലാണ് മോഹന്‍ലാല്‍ എത്തുക. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടു. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

🔳പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. ഡ്രം,ഡിസ്‌ക് വേരിയന്റ്,ഡ്രം അലോയ് വേരിയന്റുകളില്‍ ലഭ്യമാവുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭവില.ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്‌കൂട്ടറുകള്‍ ലഭ്യമാവും.

🔳സാമൂഹികപരിഷ്‌കരണം, നവോത്ഥാനം, മതേതരത്വം, ലിംഗസമത്വം, പ്രകൃതിസംരക്ഷണം, ജനാധിപത്യം, ഫാസിസം, മതരാഷ്ട്രവാദം മുതലായ സമകാലികപ്രമേയങ്ങള്‍. അത്തരം രചനകളില്‍നിന്നു തെരഞ്ഞെടുത്ത അറുപത് ലേഖനങ്ങളുടെ സമാഹാരമാണിത്. ‘നീതി തേടുന്ന വാക്ക്’. എം.എന്‍.കാരശ്ശേരി. എഡിറ്റര്‍: കെ.സി. നാരായണന്‍. മാതൃഭൂമി. വില 440 രൂപ.

🔳ദിവസവും മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് കൊവിഡില്‍ നിന്ന് സംരക്ഷിച്ചേക്കുമെന്ന് പഠനം. മൗത്ത് വാഷ് ഉപയോഗിക്കുന്നത് കൊവിഡ് അണുബാധയുടെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ പറയുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. വായയുടെ ശുചിത്വവും അവരുടെ ലക്ഷണങ്ങളുടെ തീവ്രതയെ കുറിച്ച് പരിശോധിച്ചു. വായ എപ്പോഴും ശുചിത്വത്തോടെ സൂക്ഷിക്കുന്ന ആളുകള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി മിഡില്‍ ഈസ്റ്റ് 2021 ലെ ഒരു യോഗത്തില്‍ പഠനം അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് വൈറസുകള്‍ ശ്വാസകോശത്തില്‍ എത്തുന്നതിനുമുമ്പ് തൊണ്ടയില്‍ എത്തുകയും അവിടെ ഏറെദിവസം നിലനില്‍ക്കുകയും ചെയ്യും. മൗത്ത് വാഷ് ഉപയോഗിച്ച് വായും തൊണ്ടയും കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവുമെന്നും പഠനത്തില്‍ പറയുന്നു. കൊവിഡിന്റെ തീവ്രത തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള വായയുടെ ശുചിത്വവും പ്രധാനപ്പെട്ടതാണ്