കെഎസ്ആർടിസി മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ

 

തിരുവനന്തപുരം: മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സർക്കാർ അനുവദിച്ചു. 80 കോടി രൂപയാണ് ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായത്.

കെ എസ് ആർ ടി സി ജീവനക്കാരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.കഴിഞ്ഞ മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടർന്നിരുന്നു എന്നാൽ ഇപ്പോൾ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതോടെ നാളെ മുതൽ ശമ്പള വിതരണം ആരംഭിക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കൊവിഡ് കാലത്ത് സംഭവിച്ച പ്രതിസന്ധിയിലായിരുന്നു കെ എസ് ആർ ടി സി. തുടർന്ന് ബസുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്‌തു. 4500 സർവീസുകൾ നടത്തിയ സാഹചര്യത്തിൽ അത് 3500 ലേക്ക് വെട്ടിചുരുക്കുന്നതിനുള്ള നിലപടായിരുന്നു. ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ മാസത്തിലെ വരുമാനം മെച്ചപ്പെടുത്തിയിട്ടുള്ളത് 86.98 കോടി രൂപയാണ് സെപ്റ്റംബർ മാസം കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം കെ എസ് ആർ ടി സിക്ക് ലഭിക്കുന്നത്.