ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കെ ആർജെഡി നേതാവിന്റെ നേപ്പാൾ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിൻ്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രംഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം.
“ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, തെരുവുകളിൽ നേപ്പാളിനു സമാനമായ ഒരു സാഹചര്യം നമുക്ക് കാണാൻ കഴിയും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല” എന്നായിരുന്നു സുനിൽകുമാർ സിംഗിൻ്റെ പരാമർശം. ഇത് സോഷ്യൽ മീഡിയലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
പരാമർശം വിവാദമായതോടെ ആർജെഡി നേതാവിനെതിരെ പൊലീസ് കേസെടുത്തു. “അദ്ദേഹത്തിന്റെ പരാമർശങ്ങൾ പ്രകോപനപരമാണ്. അത് ക്രമസമാധാന നിലയെ പ്രതികൂലമായി ബാധിച്ചേക്കാം. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും,” സൈബർ സെൽ (പട്ന ജില്ല) ഡെപ്യൂട്ടി എസ്പി നിതീഷ് ചന്ദ്ര ധാരിയ പറഞ്ഞു.
അവർ അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പ്രതികരിച്ചു. രാജ്യത്തെ ഒരു പ്രമുഖ പാർട്ടി ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ആശങ്കാജനകമാണ്; അതിനർത്ഥം അവർ തോൽക്കുകയാണെന്ന് അവർക്കറിയാം എന്നാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘ബിഹാറിലെ ജനങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ്. അവർ ജംഗിൾ രാജിലേക്ക് തിരികെ പോകില്ല. ഞങ്ങൾ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും. 150ലധികം സീറ്റ് നേടും. ബിഹാറിനെ എൻഡിഎ സർക്കാർ മുന്നോട്ട് നയിക്കും’ ചിരാഗ് പാസ്വാൻ പറഞ്ഞു.







