Headlines

നിയമസഭാ സമ്മേളനം നാളെ മുതൽ; പൊലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം; രാഹുൽ വിഷയം ചർച്ചയാക്കാൻ ഭരണപക്ഷം

നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് സജീവമാകും. പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെക്കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബിൽ ഈ സഭാ സമ്മേളനത്തിൽ ചർച്ചയാകും.

സാധാരണ ഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ അങ്ങനെയല്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അങ്ങോട്ടും ഇങ്ങോട്ടുമടിക്കാൻ വടികളുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട്. പോലീസിനെതിരെ ഉയർന്ന പരാതികൾ ഉയർത്തിക്കാട്ടി നിയമസഭയിൽ സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കും.

പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കില്ലെന്നു സ്പീക്കർ എ.എൻ ഷംസീർ പ്രതികരിച്ചു. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അയ്യപ്പ സംഗമവും,തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയിൽ ചർച്ചയാകും.

അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്. മനുഷ്യന് സംരക്ഷണം ഉറപ്പാക്കാനാണ് പുതിയ നിയമഭേദഗതി വനം മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു. ഒക്ടോബർ 10 വരെ മൂന്ന് സെഷനുകളിലായി 12 ദിവസമാണ് സഭ ചേരുക.