Headlines

മാസപ്പടി കേസ്: ഒരു തെളിവുമില്ല, BJPയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി; രാഷ്‌ട്രീയമായും നിയമപരമായും നേരിടും: ‌‌എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ- എക്ലാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് കോടതി തന്നെ അത് ചൂണ്ടിക്കാണിച്ചു. ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. ഒരു തെളിവുമില്ലാതെയാണ് കേസെടുത്തിരിക്കുന്നത്. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ കേസെടുക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ തമിഴ്നാടും പഞ്ചാബും നിരാകരിച്ചു. കേരളത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിക്കുകയാണ് ചെയ്തതെന്ന് അദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി വരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത് കോൺഗ്രസിൻ്റെ നയമാണോയെന്നും ആ നയമാണോ വിഡി സതീശൻ നടപ്പിലാക്കുന്നത് എന്നും വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസിക്ക് എതിരെ സംസ്ഥാനത്തെ രണ്ട് കേന്ദ്രങ്ങളിൽ സെമിനാർ നടത്തുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷനെ എംവി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ഇലക്ഷൻ കമ്മീഷനെ ആർഎസ്എസിൻ്റെ ചട്ടുകമായി ഉപയോഗിക്കുന്നു. ഇതിനെതിരായാണ് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നത്. 13 കോടിയിൽപ്പരം വോട്ടർമാരെയാണ് രാജ്യത്താകെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിന് എതിരായ പ്രക്ഷോഭത്തിൽ എല്ലാവരും ഒരുമിക്കുന്നു. അതിജീവിക്കും എന്നതിൻ്റെ തെളിവാണ് സമര രംഗത്തെ യോജിപ്പെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിലും അദേഹം പ്രതികരിച്ചു. സർക്കാർ കൊലയാളിയെ സംരക്ഷിക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ദുർബല വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പ്രതിയെ ജയിലിൽ അയക്കുന്നതിന് പകരം ബ്രോസ്റ്റൽ ഹോമിലേക്കാണ് അയച്ചത്. ഇതിൻ്റെ പിന്നിൽ ഇടപെടൽ ഉണ്ട്. എഫ്ഐആറിൽ പ്രതിയുടെ പേരില്ല , മദ്യപിച്ച വിവരവും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.