Headlines

തെരുവ് നായയുടെ ആക്രമണം; മൂന്നര വയസ്സുകാരിയുടെ ചെവിക്ക് ഗുരുതര പരിക്ക്, പേവിഷബാധ സംശയം

എറണാകുളം വടക്കൻ പറവൂരിൽ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. കളിച്ചുകൊണ്ടിരുന്ന നിഹാര എന്ന കുട്ടിയുടെ ചെവിയിൽ തെരുവ് നായ കടിക്കുകയും കുട്ടിയെ മറിച്ചിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ ഏകദേശം ഒരു ഇഞ്ചോളം ചെവിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഭാഗികമായി അടർന്നുപോകുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. മൂന്ന് തെരുവ് നായകൾ കൂട്ടമായി ചാടിയെത്തിയതിൽ ഒരെണ്ണമാണ് കുട്ടിയെ ആക്രമിച്ചത്. ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സകൾക്ക് ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ചെവിയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് പേവിഷബാധ പ്രതിരോധത്തിനായി അഞ്ച് ഇൻജക്ഷനുകൾ നൽകിയിട്ടുണ്ട്.നിലവിൽ കുട്ടിയെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചികിത്സ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ നായയെ ചത്തനിലയിൽ കണ്ടെത്തിയതോടെ പേവിഷബാധ (റാബീസ് വൈറസ്) സംശയം ശക്തമായി. നായയുടെ ശരീരം പരിശോധനയ്ക്കായി അയക്കുമെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.കുട്ടിയുടെ ആരോഗ്യനില താൽക്കാലികമായി സ്ഥിരമാണെങ്കിലും പേവിഷബാധ സംശയമുള്ള സാഹചര്യത്തിൽ അടുത്ത ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.