Headlines

തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട്; സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട്. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിന്റെ രജിസ്റ്ററിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. സ്ട്രോങ്ങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ച ശേഷവും വിവരങ്ങൾ കൈമാറിയില്ല. ഉദ്യോഗസ്ഥന്റെ പെൻഷൻ തടഞ്ഞു വെക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡി സുധീഷ് കുമാർ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നപ്പോഴാണ് പരിശോധനകൾ നടന്നത്. എക്സിക്യൂട്ടീവ് ഓഫീസർ രേഖകൾ ഓഡിറ്റ് സംഘത്തിന് കൈമാറിയിരുന്നു.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് എസ്.ഐ.ടി. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് സംശയം.എസ്.ഐ.ടി. തലവൻ എ.ഡി.ജി.പി. എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്തെത്തും.പ്രത്യേക സംഘം പത്തനംതിട്ടയിൽ യോഗം ചേരും.

അതിനിടെ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിനവും തുടരുകയാണ്. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കൊണ്ടുവന്ന സ്വർണ്ണപ്പാളികളുടെ പരിശോധന തന്നെയാണ് ഇന്നും പ്രധാനമായി നടക്കുക. വൈകിട്ടോടെ പരിശോധന പൂർത്തിയാക്കാനാണ് നിലവിലെ ആലോചന. സ്മാർട്ട് ക്രിയേഷൻസ് പ്രതിനിധിയായി അഭിഭാഷകൻ പരിശോധനയുടെ ഭാഗമാണ്. സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയതിനു ശേഷം ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂമിൽ കണക്കെടുപ്പ് നടത്തും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ് ഐ ടി സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചിരുന്നു.