ശബരിമലയില്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പം തിരികെ സ്ഥാപിച്ചതിലും ദുരുഹത. തിരികെ സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന് തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കി. നിയമപ്രകാരം തന്റെ ഉണ്ടാകണമെന്നും, ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ പറഞ്ഞു.
തിരുവാഭരണ കമ്മീഷണര്‍ എന്ന നിലയ്ക്ക് ഇളക്കുമ്പോഴും തിരികെ സ്ഥാപിക്കുമ്പോഴും അറിഞ്ഞിരിക്കണം. കമ്മിഷണറുടെ പ്രസന്‍സില്‍ വേണം ഇതെല്ലാം ചെയ്യാന്‍. കൊണ്ടുപോകുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ പ്രസന്‍സ് വേണമെന്നും തൂക്കം നോക്കി ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ ഉണ്ട്. 2019 ജൂലൈ 19നാണ് കൊണ്ടുപോകുന്നത്. നിയമമനുസരിച്ച് തിരികെ സ്ഥാപിക്കുന്നത് അറിയിക്കേണ്ടതല്ലേ? അത് സ്വാഭാവിക നടപടി ക്രമമല്ലേ? അല്ലെങ്കില്‍ പിന്നെ ഇളക്കുന്നത് എന്തിന് അറിയിച്ചു. ഓര്‍ഡറില്‍ കൃത്യമായ പേരെടുത്ത് പെങ്കുക്കേണ്ടവരെ പറയുന്നുണ്ട്. അതിനകത്ത് തിരുവാഭരണ കമ്മീഷണറുടെ പേര് പറയുന്നില്ലല്ലോ. വ്യക്തമല്ലേ അദ്ദേഹം പറഞ്ഞു.
2019 ജൂലൈയില്‍ ശബരി മലയില്‍ നിന്ന് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അന്നത്തെ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന്റെ സാനിധ്യത്തിലായിരുന്നു ചെന്നൈയിലേക്ക് കൊണ്ടുപോയത്. 40 ദിവസത്തിന് ശേഷം സ്വര്‍ണം പൂശുമ്പോഴും സ്ഥലം മാറി എത്തിയ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു. സ്വര്‍ണം പൂശിയ ശേഷം തൂക്കം പരിശോധിച്ചതും ആര്‍ ജി രാധാകൃഷ്ണന്‍ തന്നെ. പക്ഷേ 2019 സെപ്റ്റംബറില്‍ തിരികെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളി സ്ഥാപിക്കുമ്പോള്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണനെ ഒഴിവാക്കി.
തന്നെ ഒഴിവാക്കിയതില്‍ പല ദുരൂഹതകളും ഉണ്ടാകാം, തന്റെ സാന്നിധ്യത്തില്‍ എന്തെങ്കിലും ദോഷം അവര്‍ കണ്ടിട്ടുണ്ടാകും എന്നും ആര്‍ ജി രാധാകൃഷ്ണന്‍ പറഞ്ഞു.
സ്വര്‍ണം പൂശി തൂക്കം രേഖപ്പെടുത്തിയ ശേഷം തിരികെ സ്വര്‍ണപ്പാളി ശബരിമലയില്‍ എത്തിക്കുന്നതിനിടയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള സംഘം മറ്റെന്തെങ്കിലും കൃത്രിമം നടത്തിയോ എന്നതടക്കം പുറത്ത് വരേണ്ടതുണ്ട്.