Headlines

മകനെതിരായ ഇ ഡി നോട്ടീസ് ; ‘എം എ ബേബിയുടെ പ്രതികരണം വസ്തുതകൾ മനസിലാക്കാതെ’; മുഖ്യമന്ത്രി

മകൻ വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി നടത്തിയ പ്രതികരണം വസ്തുതകൾ മനസ്സിലാകാതെയുള്ളതാണെന്ന് മുഖ്യമന്ത്രി. അദ്ദേഹം വാർത്തകൾ കണ്ട് പ്രതികരിച്ചതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് എതിരായ ഇ ഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്നായിരുന്നു ചെന്നൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം എ ബേബി പ്രതികരിച്ചിരുന്നത്. ഇ ഡി നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയത്. ഇ ഡി ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റ് ആണെന്നും വസ്തുതകൾ ഇല്ലാത്ത നോട്ടീസാണിതെന്നും നോട്ടീസ് അയച്ചിട്ട്‌ അതില്‍ അവര്‍ക്കുതന്നെ പിന്നീട് കഴമ്പില്ലെന്ന് കണ്ട് പിന്‍വലിക്കേണ്ടിവന്നതാണെന്നായിരുന്നു ബേബിയുടെ പ്രതികരണം.

അതേസമയം, ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മകന് സമൻസ് ലഭിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ചിലർക്ക് ഇതൊക്കെ കേൾക്കാൻ പ്രത്യേക താൽപ്പര്യമാണ്. മകൻ അത്തരം സമൻസ് കൈപ്പറ്റിയതായി തന്നോട് പറഞ്ഞിട്ടില്ല, ഇതെല്ലാം വിരൽ ചൂണ്ടുന്നത് തന്റെ സുതാര്യവും കളങ്ക രഹിതവുമായ പൊതുജീവിതത്തെ കരിവാരി തേക്കുന്നതിലാണ്. 10 കൊല്ലത്തെ ഭരണത്തിൽ അഭിമാനിക്കാൻ ഏറെയുണ്ട്. ഉന്നത തലങ്ങളിലെ അഴിമതി പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിഞ്ഞു. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഏജൻസികളെ കൊണ്ടുവന്ന് മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. ഏജൻസികളെ കൊണ്ട് വന്ന് ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചു.

തന്റെ മകനെ നിങ്ങൾ എത്ര പേര് കണ്ടു എന്ന് അറിയില്ല. എവിടെയെങ്കിലും നിങ്ങൾ അവനെ കണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറി ഉണ്ടെന്ന് പോലും അവന് അറിയുമോ എന്ന് സംശയമാണ്. മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ല. തൻ്റെ മകൻ മര്യാദയ്ക്കുള്ള ജോലി ചെയ്താണ് പ്രവർത്തിക്കുന്നത്. മകനെ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അതുകൊണ്ട് വിവാദം ഉണ്ടാകുമോ? അതുകൊണ്ടൊക്കെ ഞാൻ പേടിക്കുമോ. മക്കളെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകമായ അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.